രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി ആത്മഹത്യ ചെയ്തുവെന്ന് ധ്വനി പരത്തുന്ന ചോദ്യവുമായി ഗുജറാത്തില്‍ സ്കൂള്‍ പരീക്ഷ. ‘ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങിനെ’ എന്ന ചോദ്യത്തിനാണ് കുട്ടികള്‍ ഉത്തരമെഴുതേണ്ടത്. ഒമ്ബതാം തരം വിദ്യാര്‍ഥികള്‍ക്ക് നടത്തിയ പരീക്ഷയിലാണ് ഗാന്ധിജിയുടെ ചരിത്രത്തെ കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയത്.
സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സുഫലം ശാലാ വികാസ് സങ്കുല്‍ എന്ന സംഘടനയുടെ കീഴിലെ സ്കൂളുകളില്‍ നടത്തിയ പരീക്ഷയിലാണ് ചോദ്യം ഉള്‍പ്പെടുത്തിയത്. സംഘടനക്ക് കീഴില്‍ സര്‍ക്കാറില്‍ നിന്ന് ഗ്രാന്‍റ് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.
ഗാന്ധിജിയെ കുറിച്ചുള്ള ചോദ്യം അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ഗാന്ധിനഗര്‍ ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ഭരത് വദേര്‍ പറഞ്ഞു.
ചോദ്യം തയാറാക്കിയത് സ്കൂള്‍ അധികൃതരാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് ഇക്കാര്യത്തില്‍ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.