ജമ്മു കാശ്മീര്‍ ഹൈക്കോടതിയില്‍ 250ലധികം വരുന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ക്കുള്ള മറുപടിയായി കരുതല്‍ തടങ്കലിനുള്ള പബ്ലിക് സേഫ്റ്റി ആക്‌ട് സര്‍ക്കാര്‍ പിന്‍വലിച്ചു. മൂന്ന് കേസുകളിലാണ് പിഎസ്‌എ പിന്‍വലിച്ചിരിക്കുന്നത്. ഹര്‍ജികള്‍ക്ക് നല്‍കിയ മൂന്ന് മറുപടികളിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന് വേണ്ടി സീനിയര്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. സീനിയര്‍ എഎജി സെപ്റ്റംബര്‍ 30നാണ് കോടതിയില്‍ മറുപടികള്‍ ഫയല്‍ ചെയ്തത് എന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സര്‍ക്കാര്‍ മറുപടി കേട്ട കോടതി, തടവുകാരുടെ ബന്ധുക്കള്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ തീര്‍പ്പാക്കിയതായി അറിയിച്ചു.
അസ്രാര്‍ യാക്കൂബ് പാഹ്ലോയ്‌ക്കെതിരായ ഹര്‍ജിയാണ് ഒന്ന്. ഓഗസ്റ്റ് 17നാണ് അസ്രാര്‍ യാക്കൂബിനെതിരെ പിഎസ്‌എ ചുമത്തിയത്. ഓഗസ്റ്റ് 28ന് പിഎസ്‌എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സെപ്റ്റംബര്‍ രണ്ടിന് തന്നെ ഇത് പിന്‍വലിച്ചിരുന്നതായി സര്‍ക്കാര്‍ പറയുന്നു. സാഹിദ് ഫിര്‍ദൂസ് മിറിനെതിരെ പിഎസ്‌എ ചുമത്തിയത് ഓഗസ്റ്റ് എട്ടിനാണ്. സെപ്റ്റംബര്‍ രണ്ടിന് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. സെപ്റ്റംബര്‍ 29ന് ഇത് പിന്‍വലിച്ചു. മൂന്നാമത്തേത് ഓഗസ്റ്റ് 27ന് ജാവിദ് അഹമ്മദ് ഖാനെതിരെയുള്ളതാണ്. ഇത് സെപ്റ്റംബര്‍ 28ന് പിന്‍വലിച്ചു. മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ പബ്ലിക് സേഫ്റ്റി ആക്‌ട് ചുമത്തിയിരുന്നു. രണ്ട് വര്‍ഷം വരെ ഒരു വ്യക്തിയെ വിചാരണ കൂടാതെ തടവില്‍ വയ്ക്കാന്‍ അനുവാദം നല്‍കുന്ന നിയമമാണിത്.
