കൊല്‍ക്കത്ത: മീന്‍പിടിത്ത ബോട്ട് മറിഞ്ഞ് വെള്ളത്തില്‍ വീണ മത്സ്യത്തൊഴിലാളി വെള്ളത്തില്‍ ഒഴുകി എത്തിപ്പെട്ടത് ബംഗ്ലാദേശിലെ ചിറ്റഗോങ് തീരത്ത്. വെള്ളത്തില്‍ വീണ് നാലാം പക്കം ബംഗ്ലാദേശി കപ്പലാണ് രബീന്ദ്ര ദാസ് എന്ന ബംഗാളി മത്സ്യത്തൊഴിലാളിയെ രക്ഷപെടുത്തിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ ദാസ് എത്തിയത് സ്വന്തം നാടായ ബംഗാളിലെ കാക് വിപ്പില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ്. മുന്നറിയിപ്പ് അവഗണിച്ച് രബീന്ദ്രദാസിന്റേത് ഉള്‍പ്പടെ നൂറിലധികം മത്സ്യബന്ധന ബോട്ടുകളാണ് കടലില്‍ പോയത്.
കൊടുങ്കാറ്റില്‍ ഏറക്കുറേ എല്ലാ ബോട്ടുകളും മുങ്ങിപ്പോയി. 1300 ലധികം മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശി ബോട്ടുകള്‍ രക്ഷപെടുത്തുകയായിരുന്നു. രണ്ട് ബോട്ടുകളിലായുള്ള 25 പേരെക്കുറിച്ച് യാതൊരുവിവരവും ഇല്ലായിരുന്നു. ഇവരെല്ലാം മരിച്ചിട്ടുണ്ടാവും എന്ന നിഗമനത്തിലായിരുന്നു.
അതിനിടയിലാണ് എം.വി ജാവദ് എന്ന കപ്പലിലെ ജീവനക്കാര്‍ ചിറ്റഗോങ് തീരത്ത് ഒരാളെ വെള്ളത്തില്‍ ബുധനാഴ്ച രാവിലെ 10.30 ഓടെ കണ്ടത്. എഫ് ബി നയന്‍ 1 എന്ന ബോട്ട് മുങ്ങിയാണ് ഇയാള്‍ കടലില്‍ വീണത്. പ്രാഥമിക ചികിത്സ നല്‍കി പുതിയ വസ്ത്രങ്ങളും നല്‍കി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
വെള്ളത്തില്‍ നീന്തിയും ഒഴുകിക്കിടന്നും നാലാം ദിവസം രബീന്ദ്രദാസ് രക്ഷപെട്ടതോടെ കാണാതായ മറ്റ് 24 പേരുടെ കാര്യത്തിലും പ്രതീക്ഷ ഉണര്‍ന്നിട്ടുണ്ട്.
