ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകാപരമായ പെരുമാറ്റച്ചട്ടം ആവശ്യമാണെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു.സമൂഹത്തില്‍ അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സദാചാരമൂല്യങ്ങളെ സംരക്ഷിക്കാന്‍ പൊതുരംഗത്ത് പെരുമാറ്റച്ചട്ട രൂപീകരണവും പൊതുപ്രസംഗങ്ങളുടെ നിലവാരവും ഉയരണമെന്നും ഈ രംഗത്തെ ആശങ്കകള്‍ പങ്കുവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശയും രവിദത്ത് ബാജ്പേയിയും ചേര്‍ന്ന് എഴുതിയ ചന്ദ്രശേഖര്‍-ആദര്‍ശ രാഷ്ട്രീയത്തിലെ അവസാന മാതൃക എന്ന പുസ്തകപ്രകാശനച്ചടങ്ങിലാണ് ഉപരാഷ്ട്രപതി നിലവിലെ രാഷ്ട്രീയ നേതാക്കളുടെ പെരുമാറ്റത്തെ പരാമര്‍ശിച്ചത്.രാജ്യത്ത് അതിഭീകരമായിത്തന്നെ ജനാധിപത്യമൂലങ്ങള്ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന അപചയങ്ങള്‍ തുടച്ചുനീക്കാന്‍ ഏറ്റവും അനിവാര്യമായ സമയമാണിതെന്നും വെങ്കയ്യ പറഞ്ഞു.
ജനാധിപത്യമൂല്യങ്ങള്‍ പിന്തുടരുന്നതോടൊപ്പം മുന്‍കാല രാഷ്ട്രീയ നേതാക്കളുടെ സഭാനടപടികളിലെ ഒളിമങ്ങാത്ത സ്വഭാവമഹിമയോടും നമുക്ക് ബാധ്യതയുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
