ന്യൂഡല്‍ഹി: രാജ്യത്തിന്റെ വികസനത്തിനായുള്ള അധ്വാനത്തില്‍ പതിനെട്ട് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും തനിക്ക് അവധി ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി. ഡിസ്‌കവറി ചാനലിലെ മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന പരിപാടിയിലാണ് പ്രധാനമന്ത്രി അവതാരകനായ സാഹസിക സഞ്ചാരി ബിയര്‍ ഗ്രില്‍സിനോടാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. ഇത്തവണത്തെ അനുഭവം ഒരു അവധിക്കാലത്തേത് ആണെന്ന് കരുതിയാല്‍ 18 വര്‍ഷത്തിനിടെ തനിക്ക് അവധിക്കാലം ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനം സ്വപ്‌നം കണ്ടിരുന്നുവോ എന്ന ചോദ്യത്തിന് രാജ്യത്തിന്റെ വികസനം മാത്രമാണ് സ്വപ്‌നം കണ്ടിരുന്നതെന്ന് അദ്ദേഹം മറുപടി നല്‍കി.
ആദ്യം ഒരു സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. 13 വര്‍ഷം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചു. ഒരു പുതിയ യാത്രയുടെ തുടക്കമായിരുന്നു അത്. പിന്നീട് താന്‍ ഈ ജോലി ചെയ്യേണ്ടതുണ്ടെന്ന് എന്റെ രാജ്യം തീരുമാനിച്ചു. അതിനാല്‍ അഞ്ച് വര്‍ഷമായി ഈ ജോലി ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക പ്രശസ്ത ടെലിവിഷന്‍ പരിപാടിയായ മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ പ്രധാനമന്ത്രി അതിഥിയായി എത്തുന്ന എപ്പിസോഡ് ഇന്നലെ രാത്രി 9 മണിക്കാണ് സംപ്രേഷണം ചെയ്തത്. സംപ്രേക്ഷണത്തിനു മുന്‍പേ തന്നെ പരിപാടിയുടെ ട്രെയിലര്‍ സമൂഹ മാദ്ധ്യമങ്ങള്‍ വൈറലായിരുന്നു.
മൃഗ സംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതി വ്യതിയാനത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കാടുകളിലേക്ക് പ്രധാനമന്ത്രി നടത്തുന്ന യാത്ര 180 രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് നരേന്ദ്ര മോദിയുടെ അറിയപ്പെടാത്തവശം മനസിലാക്കാന്‍ സഹായിക്കുമെന്ന് അവതാകന്‍ ബിയര്‍ ഗ്രില്‍സ് നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു.
ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലാണ് എപ്പിസോഡ് ചിത്രീകരിച്ചിരിക്കുന്നത്.
