ന്യൂഡല്‍ഹി : മകന് കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകളിലാണ് മുന്‍ ധനമന്ത്രി പി ചിദംബരംകുരുക്കിലായത്. സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്സ് മീഡിയയ്ക്ക് പരിധിയില്‍ കൂടുതല്‍ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയതിന്റെ പേരിലാണ് ചിദംബരം കുടുങ്ങിയത്.
2007ല്‍ ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയക്കുവേണ്ടി ചട്ടങ്ങള്‍ മറികടന്ന് 305 കോടിരൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡി (എഫ്ഐപിബി) ന്റെ ചട്ടപ്രകാരം കമ്ബനിക്ക് 4.62 കോടിരൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാനേ അര്‍ഹതയുള്ളൂ. ബോര്‍ഡിന് ഐഎന്‍എക്സ് മീഡിയ അപേക്ഷ നല്‍കുകയും ധനമന്ത്രാലയം ചട്ടം മറികടന്ന് അംഗീകാരം നല്‍കുകയുമായിരുന്നു. കാര്‍ത്തിയും കേസില്‍ പ്രതിയാണ്. കേസില്‍ കാര്‍ത്തിയെ ഫെബ്രുവരി 28ന് സിബിഐ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇന്ത്യയിലും വിദേശത്തുമുള്ള കാര്‍ത്തിയുടെ 54 കോടിരൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
ഐഎന്‍എക്സ് മീഡിയയുടെ ഉടമകളായ ഇന്ദ്രാണി മുഖര്‍ജിയോടും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയോടും പ്രതിഫലമായി കാര്‍ത്തി ഒരു കോടി ഡോളര്‍ ആവശ്യപ്പെട്ടെന്നും സിബിഐ പറയുന്നു. ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയാണ് ചിദംബരത്തിനെതിരായ നിര്‍ണായക തെളിവ്. കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് കമ്ബനിക്ക് ഐഎന്‍എക്സ് മീഡിയ ആദ്യം10 ലക്ഷംരൂപ നല്കി. പിന്നീട് കാര്‍ത്തിയുടെ വിവിധ കമ്ബനികള്‍വഴി ഏഴ് ലക്ഷം ഡോളര്‍ വീതമുള്ള നാല് ഇന്‍വോയ്സും നല്കി. ഇതെല്ലാം കാര്‍ത്തിയുടെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളില് സിബിഐ പിടിച്ചെടുത്തിരുന്നു. ഐഎന്‍എക്സ് മീഡിയക്ക് പണം നല്കിയ വിദേശകമ്ബനികളെല്ലാം നേരിട്ടോ അല്ലാതെയോ കാര്‍ത്തി ചിദംബരത്തിന് നിയന്ത്രണമുള്ളവയാണ്.
എയര്‍സെല്‍ മാക്സിസ് കേസ്
2006-ല്‍ എയര്‍സെല്‍-മാക്സിസ് കമ്ബനിക്ക് എഫ്ഐപിബി അനുമതി ലഭ്യമാക്കാന്‍ ധനമന്ത്രി ചിദംബരം ഇടപെട്ടന്നാണു കേസ്. മാക്സിസിന്റെ അനുബന്ധ സ്ഥാപനമായ ഗ്ലോബല്‍ കമ്യൂണിക്കേഷന്‍സ് സര്‍വീസസ് ഹോള്‍ഡിങ്സിന് 600 കോടിരൂപയുടെ നിക്ഷേപത്തിനുമാത്രമേ അനുമതി നല്കാന് ധനമന്ത്രിക്ക് അധികാരമുള്ളൂ. അതില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് അനുമതി നല്‍കേണ്ടത് കേന്ദ്രമന്ത്രിസഭയുടെ സാമ്ബത്തികകാര്യ ഉപസമിതിയാണ്. ഈ ചട്ടം മറികടന്ന് 3,500 കോടിരൂപയുടെ ഇടപാടിന് ചിദംബരം അനുമതി നല്‍കിയെന്നാണ് കേസ്.
കാര്‍ത്തിയുടെ കമ്ബനി എയര്‍സെല്‍ കമ്ബനിയില്‍ വന്‍ നിക്ഷേപം നടത്തിയെന്നും ആരോപണമുണ്ട്. ഈ കേസിലും കാര്‍ത്തിക്കെതിരെ 2018 ഒക്ടോബറില്‍ എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ചിദംബരത്തെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ സിബിഐയും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
