ചിദംബരത്തിന്റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ കസ്റ്റഡി ഈ മാസം 30 വരെ നീട്ടി. 21ന് രാത്രിയാണ് നാടകീയമായി ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് ചിദംബരത്തെ സിബിഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ചിദംബരം ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നുമാണ് കസ്റ്റഡി നീട്ടുന്നതിനായി സിബിഐ കോടതിയില്‍ പറഞ്ഞത്.
ചിദംബരത്തിന്റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ചിദംബരവും സഹായികളും കടലാസ് കമ്ബനികള്‍ രൂപീകരിച്ചുള്ള പണ തട്ടിപ്പില്‍ സഹഗൂഢാലോചനക്കാരാണ് എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചു.
ഐഎന്‍എക്‌സ് മീഡിയ എന്ന കമ്ബനിയ്ക്ക് വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് ക്രമരഹിതമായി അനുമതി നല്‍കിയെന്നതാണ് കേസ്. പി ചിദംബരം ധനമന്ത്രിയായിരിക്കെ വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡാണ് ഈ കമ്ബനിക്ക് 307 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതി നല്‍കിയത്. ഇന്ദ്രാണി മുഖര്‍ജിയും അവരുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുമാണ് ഐഎന്‍എക്‌സ് മീഡിയയുടെ സ്ഥാപകര്‍.
ധനകാര്യ മന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് വിഭാഗമാണ് മൗറിഷ്യസ് ആസ്ഥാനമായ മൂന്ന് കമ്ബനികള്‍ ഐഎന്‍എക്‌സ് ലിമിറ്റഡില്‍ 305 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുള്ളതായി കണ്ടെത്തിയത്. പിന്നീട് 2010 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഐഎന്‍എക്‌സ് മീഡിയ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് ലംഘിച്ചതിന് കേസെടുത്തു.
രണ്ട് കേസുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. 2017 ലാണ് സിബിഐ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതില്‍ ക്രമക്കേട് കാണിച്ചുവെന്നാരോപിച്ച് കേസ് റജിസ്റ്റര്‍ ചെയതത്. 2018 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പണം തട്ടിപ്പിനുള്ള കേസും റജിസ്റ്റര്‍ ചെയ്തു. 2018 മാര്‍ച്ചില്‍ ഇന്ദ്രാണി മുഖര്‍ജി കേസുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് മൊഴി നല്‍കി. ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് അനുമതി നല്‍കാന്‍ 10 ലക്ഷം ഡോളറിന്റെ കരാറില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവുമായി ഏര്‍പ്പെട്ടുവെന്നായിരുന്നു ഇവരുടെ മൊഴി.
എഫ് ഐ ആര്‍ അനുസരിച്ച് ഐഎന്‍എക്‌സ് മീഡിയ വിദേശ നിക്ഷേപ ബോര്‍ഡിനെ സമീപിക്കുന്നത് 2007 മാര്‍ച്ച് 13 നാണ്. 2007 മെയ് 30 ന് 4.62 കോടി വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതി കമ്ബനിയ്ക്ക് ലഭിക്കുന്നു. സിബിഐയുടെ വാദമനുസരിച്ച് ബോര്‍ഡ് നല്‍കിയ നിബന്ധനകള്‍ക്ക് വിധേയമായ അനുമതി മറികടന്നാണ് 305 കേടി സ്വീകിച്ചത്.
കാര്‍ത്തി ചിദംബരത്തിന്റെ ചെസ് മാനേജ്‌മെന്റ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടയിലാണ് ഐഎന്‍എക്‌സ് മീഡിയയുമായി അദ്ദേഹത്തിനുള്ള ബന്ധം വെളിച്ചത്ത് വന്നത്. കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേഡ് എക്കൗണ്ടന്റ് ഭാസ്‌ക്കരരാമന്റെ കംപ്യൂട്ടറില്‍നിന്നാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയ സമയത്ത് കാര്‍ത്തി ചിദംബരത്തിന് പണം ലഭിച്ചുവെന്ന സൂചിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്നാണ് അന്വേഷണ സംഘം അവകാശപ്പെട്ടത്. ഇതേ തുടര്‍ന്നാണ് സിബിഐ കേസ് എടുക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സിബിഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ 54 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.
