ന്യൂഡല്‍ഹി: ജെ എന്‍ യു മുന്‍വിദ്യാര്‍ഥി യൂണിയന്‍ നേതാവും കശ്മീരിലെ രാഷ്ട്രീയപ്രവര്‍ത്തകയുമായ ഷെഹ്‌ല റാഷിദിനെതിരേരാജ്യദ്രോഹക്കുറ്റത്തിന് ഡല്‍ഹി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെയുള്ള ജമ്മു കശ്മീരിലെ സാഹചര്യങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് ഷെഹ്‌ലയ്‌ക്കെതിരായ പരാതി.
സുപ്രീം കോടതി അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവയാണ് ഷെഹ്‌ലയ്‌ക്കെതിരേപരാതി നല്‍കിയത്. കശ്മീര്‍ താഴ്‌വരയിലെ സൈന്യത്തിന്റെ റെയ്ഡുകളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ശ്രീവാസ്തവ പരാതിയില്‍ ആരോപിക്കുന്നു.
124എ(രാജ്യദ്രോഹം), 153എ(മതം, വംശം, ജനനസ്ഥലം, ഭാഷ തുടങ്ങിയവയുടെ പേരില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കുക, ഐക്യം തകര്‍ക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുക), 153(കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക) തുടങ്ങിയ കുറ്റങ്ങളാണ് എഫ് ഐ ആറില്‍ ചേര്‍ത്തിരിക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
