ഈ മാസം 23ന് തിരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, ത്രിപുര എന്നിവിടങ്ങളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പാലായെ കൂടാതെ ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ഓരോ മണ്ഡലങ്ങളില്‍ 23ന് ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു.
ഛത്തീസ്ഗഢിലെ ദന്തെവാഡയില്‍ കോണ്‍ഗ്രസിന്റെ ദേവതി കര്‍മായാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. നാലായിരത്തിലധികം വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് ഇവിടെ മുന്നിട്ട് നില്‍ക്കുകയാണ്. ഇവിടുത്തെ ബിജെപി എംഎല്‍എ ഭിമാ മാന്ദവി ഏപ്രിലില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.
ഉത്തര്‍പ്രദേശിലെ ഹമിര്‍പുരില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ യുവ്രാജ് സിങ് രണ്ടായിരത്തോളം വോട്ടുകള്‍ക്കാണ് ഇവിടെ ലീഡ് ചെയ്യുന്നത്. ബിജെപി എംഎല്‍എ ആയിരുന്ന അശോക് കുമാര്‍ ചന്ദേല്‍ കൊലപാതക കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ഇയാളെ അയോഗ്യനാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ത്രിപുരയിലെ ബദര്‍ഘട്ടിലും ബിജെപിയാണ് മുന്നേറുന്നത്. മൂവായിരത്തോളം വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥിയായ മിമി മജുംദാര്‍ ഇവിടെ മുന്നേറുന്നത്. സിപിഎം സ്ഥാനാര്‍ഥിയാണ് രണ്ടാം സ്ഥാനത്ത്. ബിജെപി എംഎല്‍എ ദിലിപ് സര്‍ക്കാര്‍ മരിച്ചതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
