ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍നിന്ന് ദുബായിലേക്കു പുറപ്പെട്ട വിമാനം റാഞ്ചാന്‍ തോക്കുധാരി നടത്തിയ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. വിമാനം റാഞ്ചാന്‍ ശ്രമിച്ചയാളെ പിടികൂടിയതായും യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍നിന്ന് സുരക്ഷിതരായി പുറത്തിറക്കിയതായും പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ധാക്കയില്‍നിന്ന് ചിറ്റഗോങ് വഴി ദുബായിലേക്ക് പോവുകയായിരുന്ന ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ബി.ജി 147 വിമാനം റാഞ്ചാനാണ് തോക്കുധാരി ശ്രമം നടത്തിയത്. ഇതേത്തുടര്‍ന്ന് വൈകീട്ട് 5.40 ഓടെ വിമാനം ചിറ്റഗോങ്ങില്‍ അടിയന്തരമായി ഇറക്കി. തുടര്‍ന്ന് യാത്രക്കാരും വിമാന ജീവനക്കാരും പൈലറ്റുമാരും എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറങ്ങി. വിമാനം റാഞ്ചാന്‍ ശ്രമിച്ചയാളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിദേശിയാണ് വിമാനം റാഞ്ചാന്‍ ശ്രമിച്ചതെന്ന് സൂചനയുണ്ട്.
