ന്യൂഡല്‍ഹി: അയോധ്യ കേസ് പരിഹരിക്കാനുള്ള മധ്യസ്ഥ ചര്‍ച്ച പരാജയമെന്ന് സുപ്രീംകോടതി. മധ്യസ്ഥ ചര്‍ച്ച കൊണ്ട് ഒരു ഗുണവും ഉണ്ടായില്ലെന്ന് കോടതി വ്യക്തമാക്കി. ഓഗസ്റ്റ് ആറ് മുതല്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വാദം കേള്‍ക്കുക.
ഭൂമി തര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ പരിഹരിക്കുന്നതിന് കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും. തര്‍ക്കത്തില്‍ ഉള്‍പ്പെട്ട കക്ഷികളെ തമ്മില്‍ യോജിപ്പിലെത്തിക്കാനായില്ലെന്നുമാണ് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.
ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. നാലര മാസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടതോടെ കേസില്‍ വാദം പുനരാരംഭിക്കാന്‍ കോടതി തീരുമാനിച്ചു. വാദം പൂര്‍ത്തിയാകുന്നത് വരെ ദിവസവും വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
