ന്യൂഡല്‍ഹി: പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് ഉയര്‍ന്ന സൈനിക ബഹുമതി നല്‍കിയേക്കും. രാജ്യം നല്കുന്ന മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയായ വീര ചക്രയാകും നല്‍കുകയെന്നാണ് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബാലകോട്ട് ജെയ്ഷെ മുഹമ്മദിന്റെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത പൈലറ്റുമാര്‍ക്കും സൈനിക ബഹുമതി നല്‍കിയേക്കും. അഞ്ച് വ്യോമസേനാ പൈലറ്റുമാര്‍ക്ക് വായുസേനാ മെഡലാകും നല്‍കുക. യുദ്ധസാഹചര്യത്തില്‍ ശത്രുവിനെതിരെ പ്രകടിപ്പിക്കുന്ന ധീരത കണക്കിലെടുത്താണ് വീര ചക്ര കര,നാവിക, വ്യോമ സേനകളിലെ സൈനികര്‍ക്ക് സമ്മാനിക്കുന്നത്.
ഫെബ്രുവരി 26 ന് പുല്‍വാമ ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യന്‍ വ്യോമസേന ബാലകോട്ടെ ഭീകര കേന്ദ്രങ്ങള്‍ക്ക് ബോംബിട്ടത്. തുടര്‍ന്ന് ഫെബ്രുവരി 27 ന് നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാകിസ്ഥാന് യുദ്ധവിമാനങ്ങളെ ഇന്ത്യ വെടിവെച്ചിട്ടിരുന്നു.
