ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ കോടതി സെപ്റ്റംബര്‍ 13 വരെകസ്റ്റഡിയില്‍ വിട്ടു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍കോടതിയില്‍ ആവശ്യപ്പെട്ടത്.
അഭിഭാഷകനും കുടുംബാംഗങ്ങള്‍ക്കും ദിവസവും അരമണിക്കൂര്‍ ശിവകുമാറിനെ കസ്റ്റഡിയില്‍ കാണാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്വന്തം ഡോക്ടറുടെ കീഴില്‍ ചികിത്സക്കും അനുവാദമുണ്ട്.
2017ലെ രാജ്യസഭ തെരഞ്ഞെടുപ്പ് സമയത്ത് ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി ചാക്കിടുന്നത് തടയാന്‍ അവരെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ശിവകുമാറിെന്റ നേതൃത്വത്തില്‍ പാര്‍പ്പിച്ചതിന് പിന്നാലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ബംഗളൂരുവിലെയും ഡല്‍ഹിയിലെയും ശിവകുമാറിെന്റ വസതികളിലും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളിലും ഒരേസമയം നടത്തിയ റെയ്ഡില്‍ ഏഴുകോടി രൂപ കണ്ടെത്തിയിരുന്നു.
ആദായ നികുതി വകുപ്പിെന്റ നിര്‍ദേശപ്രകാരം ശിവകുമാറിനും ബിസിനസ് പങ്കാളി സച്ചിന് നാരായണന്, ശര്‍മ ട്രാവല്‍സ് ഉടമ സുനില്‍ ശര്‍മ, ഡല്‍ഹി കര്‍ണാടക ഭവന് ജീവനക്കാരായ ആഞ്ജനേയ ഹനുമന്തയ്യ, രാജേന്ദ്ര എന്നിവര്‍ക്കുമെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ െസപ്റ്റംബറില്‍ കേസെടുക്കുകയായിരുന്നു.
ശിവകുമാറിന്‍റെ അറസ്റ്റിനെ തുടര്‍ന്ന് കര്‍ണാടകയില്‍വ്യാപക പ്രതിഷേധം തുടരുകയാണ്. കര്‍ണാടക ആര്‍.ടി.സി ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറുണ്ടായി.അക്രമാസക്തരായ പ്രതിഷേധക്കാര്‍ റോഡില്‍ ടയര്‍ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. ബംഗളൂരു-മൈസൂരു ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി.
