അബുദാബി : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ വിരാമമാവുന്നു, ഇന്ത്യയും ഗള്‍ഫ് രാജ്യമായ യു.എ.ഇയും തമ്മില്‍ തടവുകാരെ കൈമാറ്റം ചെയ്യുന്ന പ്രക്രിയ ഉടന്‍ ആരംഭിക്കും. ഇതിന് പ്രകാരം ഇരുരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന തടവുകാരെ കൈമാറും, അവര്‍ക്ക് ശിക്ഷാ കാലാവധിയുടെ ബാക്കി മാതൃരാജ്യത്തെ ജയിലുകളില്‍ കഴിഞ്ഞാല്‍ മതിയാവും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. തടവുകാരുടെ കൈമാറ്റം നിരീക്ഷിക്കുന്നതിനായി സംയുക്ത സമിതി നിലവില്‍വരും. ഇന്ത്യയും യു.എ.ഇയും തമ്മില്‍ 2011 നവംബര്‍ 23നാണ് തടവുകാരെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് കരാര്‍ ഒപ്പുവച്ചത്. എന്നാല്‍ രണ്ട് വര്‍ഷമെടുത്താണ് ഈ കരാറിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കിയത്.
യു.എ.ഇയില്‍ 350ഓളം ഇന്ത്യക്കാരായ തടവുകാര്‍ ഈ പദ്ധതി പ്രകാരം നാട്ടിലെ ജയിലിലേക്ക് മാറുവാന്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ പലര്‍ക്കും പൊതുമാപ്പ് പ്രകാരം ശിക്ഷയില്‍ ഇളവ് ലഭിച്ചതോടെ നാട്ടിലേക്ക് തിരികെ എത്താനായി. നൂറിനടുത്ത് തടവുകാര്‍ക്ക് ഉടന്‍ തന്നെ പദ്ധതി പ്രകാരം ഇന്ത്യയിലെ ജയിലുകളിലേക്ക് മാറ്റം ലഭിച്ചേക്കും. ഇന്ത്യയിലെത്തിയാലും ഇവര്‍ക്ക് ശിക്ഷ ഇളവ് ലഭിക്കുവാന്‍ സാദ്ധ്യത കുറവാണ്. എന്നാല്‍ ജയിലിലാണെങ്കിലും ബന്ധുക്കളടക്കം നാട്ടിലുള്ളവരെ ഒരുനോക്ക് കാണാനാവും എന്ന ആശ്വാസമാണ് ഇവര്‍ക്കുള്ളത്. ലോക്സഭയില്‍ മറുപടി നല്‍കവേയാണ് ഇന്ത്യ യു.എ.ഇയും പരസ്പരം തടവുകാരം കൈമാറുന്ന പദ്ധതി ഉടന്‍ നിലവില്‍ വരുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പ്രസ്താവിച്ചത്.
