നടന് മോഹന്‍ലാലിന് വേണ്ടി വെള്ളാറില്‍ സജ്ജമായി വരുന്ന കൂറ്റന്‍ വിശ്വരൂപ ശില്പം അവസാനവട്ട മിനുക്കു പണിയില്‍. നടന് മോഹന്‍ലാലാണ് കരകൗശല ഗ്രാമത്തിലെ കൂറ്റന്‍ ശില്പത്തിന് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. മഹാഭാരത കഥാസന്ദര്‍ഭങ്ങളെ സ്പര്‍ശിക്കുന്ന ഈ ശില്പം വളരെ അപൂര്‍വ്വ സവിശേഷതകള്‍ ഉള്ളതാണ്. മാത്രമല്ല ഇങ്ങനെ ഒന്ന് ഇത് ആദ്യത്തേതാണെന്നും ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് 10 അടി ഉയരത്തിലുള്ള ശില്പം ചെയ്യുന്നതെന്നും മുഖ്യ ശില്പി നാഗപ്പന് പറയുകയാണ്. 2 വര്‍ഷം മുന്‍പ് 6 അടിയില്‍ നിര്‍മിച്ച വിശ്വരൂപം നടന് മോഹന്‍ലാല്‍ വാങ്ങിയിരുന്നു. അന്ന് ശില്പം ഇഷ്ടപ്പെട്ട ലാല്‍ തന്നെയാണു ഇപ്പോള്‍ പണി കഴിപ്പിക്കുന്ന വലിയ വിശ്വരൂപത്തിനും ഓര്‍ഡര്‍ നല്‍കിയതെന്ന് നാഗപ്പന് വ്യക്തമാക്കി. ഇത്രയും ഉയരമുള്ള ലോകത്തെ ആദ്യ തടി ശില്പമാണിതെന്നും നാഗപ്പന് പറയുന്നു. രാധാകൃഷ്ണന്, രാമചന്ദ്രന്, പീഠം വിജി, സജി, ഭാഗ്യരാജ്, സോമന് എന്നിവരും ചേര്‍ന്നാണ് ശില്പം യാഥാര്‍ഥ്യമാക്കുന്നത്.
പൊതുവെ ഇത്തരം കരകൗശലങ്ങള്‍, അത്യപൂര്‍വ്വമായ വസ്തുക്കള്‍, പെയിന്റിംഗ്സുകള് എന്നിവയോടൊക്കെ മോഹന്‍ലാലിന് വല്ലാത്ത ഒരു കമ്ബം ഉള്ളതാണ്. അദ്ദേഹത്തിന്റെ ശേഖരങ്ങളില്‍ തന്നെ ഒരുപാട് അമൂല്യ വസ്തുക്കള്‍ ഉണ്ടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അത്തരത്തില്‍ ഒരു അപൂര്‍വ ഇനം സംഗതിയാണിത്. മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളുള്‍പ്പെട്ട ഈ വിശ്വരൂപം. മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണന്. സൂക്ഷ്മതയും അതിലേറെ ക്ഷമയും വേണ്ട പരിശ്രമം ഒന്നര വര്‍ഷത്തിനു ശേഷമാണു പൂര്‍ണതയിലേക്ക് കടക്കുന്നതെന്നു ശില്പി. ഏകദേശം 400 കഥാപാത്രങ്ങളാണ് പീഠത്തിലുള്ളത്. ഏകദേശം 3 മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കി മോഹന്‍ലാലിന് കൈമാറുമെന്ന് ഇവര്‍ പറയുന്നു.
