എയര്‍ ഇന്ത്യയുടെ ഡല്‍ഹി-തിരുവനന്തപുരം വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന വിമാനത്തില്‍ 172 യാത്രക്കാരുണ്ടായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും പിന്നീട് സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ഇന്ത്യയുടെ സുരക്ഷാവിഭാഗം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും അതിവേഗം പരിശോധനയ്ക്കായി വിമാനം താഴെയിറക്കുകയായിരുന്നെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് തിരിച്ചുള്ള സര്‍വീസ് നാല് മണിക്കൂര്‍ വൈകിയതായും അധികൃതര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ നിന്ന് വിജയവാഡയിലേക്കുള്ള മറ്റൊരു എയര്‍ ഇന്ത്യ വിമാനവും കഴിഞ്ഞ ആഴ്ച ഇത്തരത്തില്‍ ആകാശച്ചുഴിയില്‍പ്പെട്ടിരുന്നു. വിമാനത്തിലെ ജീവനക്കാരില്‍ ചിലര്‍ക്ക് ഇതേ തുടര്‍ന്ന് പരിക്കേറ്റതായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
