തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായി പെയ്ത മഴ കുറഞ്ഞു. മഴ കുറഞ്ഞതിനേ തുടര്‍ന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അതേസമയം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 76 ആയി.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെങ്കിലും പരക്കെയുള്ള മഴ പെയ്യാത്തത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകും. കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.
ഓഗസ്റ്റ് 13ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ഓഗസ്റ്റ് 14ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടിട്ടുണ്ട്.
