ന്യൂഡല്‍ഹി: സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂക്കുകയറിടാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ടിലാണ് നിയന്ത്രണമേര്പെടുത്തുന്നത്. ദ ഹിന്ദുവിന്റേതാണ് റിപ്പോര്‍ട്ട്.
ഇനി മുതല്‍ സന്നദ്ധ സംഘടനകള്‍ക്ക് വിദേശത്തുനിന്ന് സംഭാവന സമാഹരിക്കണമെങ്കില്‍ വിദേശ സംഭാവന നിയന്ത്രണ നിയമത്തിനു (എഫ്.സി.ആര്.എ) കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം ആഭ്യന്തരമന്ത്രാലയം കര്‍ശനമാക്കി. അമിത് ഷാ ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റ ശേഷം നടപ്പാക്കുന്ന ആദ്യ പരിഷ്കാരങ്ങളിലൊന്നാണിത്.
ഭാരവാഹികളെ മാറ്റിയാല്‍ ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിക്കണമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിലുണ്ട്. ഒരു മാസത്തിനകം വിവരമറിയിച്ചില്ലെങ്കില്‍ ശിക്ഷാ നടപടിയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഭാരവാഹികളുടെ പേരു മാറ്റുന്നതിനോ കൂട്ടിച്ചേര്‍ക്കുന്നതിനോ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണ. രജിസ്ട്രേഷന് അപേക്ഷിക്കാന്‍ ഭാരവാഹികളുടെ വിശദാംശങ്ങള്‍ നല്‍കണം തുടങ്ങിയവയാണ് മന്ത്രാലയം മുന്നോട്ടു വെക്കുന്ന നിര്‍ദ്ദേശം.
എഫ്.സി.ആര്.എ നിയമത്തിനുകീഴില്‍ രജിസ്റ്റര്‍ ചെയ്ത ചില സ്ഥാപനങ്ങളും വ്യക്തികളും ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ ഭാരവാഹികളെ മാറ്റിയത് ശ്രദ്ധയില്‍പെട്ടതായി ഇതുസംബന്ധിച്ച ഉത്തരവില്‍ വിശദീകരിക്കുന്നു. എഫ്.സി.ആര്.എ കീഴില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ എന്‍.ജി.ഒകള്‍ക്കും (സര്‍ക്കാറിതര സന്നദ്ധ സംഘടനകള്‍) അസോസിയേഷനുകള്‍ക്കും ഇത് ബാധകമാണെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
