ഇന്നലെനടന്ന ഇന്ത്യ – ബംഗ്ളാദേശ് ലോകകപ്പ് മത്സരം കണ്ടവര്‍ ഈ ചിത്രം മറക്കാനിടയില്ല. ഇവരാണ് 87 വയസ്സുള്ള ചാരുലതാ പട്ടേല്‍.
മാച്ചിലുടനീളം ഇന്ത്യന്‍ ടീമിനെ ചീയര്‍ ചെയ്യുന്ന ചാരുലതയുടെ ചിത്രം ലോകമെമ്ബാടുമുള്ള പ്രേക്ഷകര്‍ വളരെ കൗതുകത്തോടെയാണ് കണ്ടത്. മാത്രവുമല്ല ഗാലറിയിലിരുന്ന കാണികളും, ഇന്ത്യന്‍ കളിക്കാരും ഇത് വീക്ഷിക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ അവര്‍ക്ക് അനായാസം കഴിയുകയും ചെയ്തു.
കളി അവസാനിച്ചശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്ട് കൊഹ്‌ലി (മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ കോലി എന്നെഴുതുന്നത് തെറ്റാണ്. KOHLI എന്നതില്‍ H പൂര്‍ണ്ണമായും സൈലന്റ് ആയല്ല ഉത്തരേന്ത്യക്കാര്‍ പോലും ഉച്ചരിക്കുന്നത്.) ചാരുലതയുടെ അടുത്തെത്തുകയും അവരുടെ അനുഗ്രഹം വാങ്ങുകയും ചെയ്തു. സെഞ്ചുറി വീരന്‍ രോഹിത് ശര്‍മ്മയും അവരുടെ അടുത്തെത്തി അനുഗ്രഹം വാങ്ങുകയുണ്ടായി. ഇരുവരുടെയും തലയില്‍ കൈവച്ചനുഗ്രഹിച്ചശേഷം അവരുടെ കവിളുകളില്‍ മുത്തം നല്‍കാനും അവര്‍ മറന്നില്ല.
