തിരുവനന്തപുരം: പ്ലാച്ചിമടയിലെ കൊക്കക്കോള കമ്ബനി നടത്തിയ അനധികൃത ജലചൂഷണത്തിന് ഇരയായവര്‍ക്ക് ഇപ്പോഴും നഷ്ടപരിഹാരം ലഭിച്ചില്ല. നഷ്ട പരിഹാരം നല്‍കുന്നത് സംബന്ധിച്ച് നിയമസഭ പാസാക്കിയ നിയമം കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കാതെ തിരിച്ചയക്കുകയായിരുന്നുവെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചു. കമ്ബനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നത് സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം ആരാഞ്ഞെങ്കിലും നാളിതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിവിധ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കിയതിലും ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് വകയിലുമായി കരാറുകാര്‍ക്ക് 472.71 കോടി രൂപയുടെ ബില്ലുകള്‍ കുടിശികയുണ്ട്. കുടിശ്ശിക തീര്‍ക്കാതെ പ്രവൃത്തികള്‍ ഏറ്റെടുക്കില്ലെന്ന കരാറുകാരുടെ നിലപാട് സമയബന്ധിതമായി പല പദ്ധതികളും പൂര്‍ത്തിയാക്കുന്നതിന് തടസമാകുന്നു. പ്രതിസന്ധി മറികടക്കുന്നതിന് കരാറുകാരുടെ ബില്‍ തുകക്ക് അനുസൃതമായ തുക വാട്ടര്‍ അതോറിറ്റി ബാങ്ക് വായ്പയെടുത്ത് ആവശ്യപ്പെടുന്ന കരാറുകാര്‍ക്ക് നല്‍കുന്നു. ബജറ്റ് വിഹിതം അനുവിക്കുന്ന മുറക്ക് 8.8 പലിശ സഹിതം തുക തിരിച്ചടക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
