അബുദാബി: ടയര്‍ സുരക്ഷയിലൂടെ സ്വന്തം സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ബോധവല്‍കരണ ക്യാംപെയിനുമായി അബുദാബി പൊലീസ്. വേനല്‍കാലത്ത് ടയര്‍പൊട്ടിയുള്ള വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. അതിവേഗ പാതകളിലൂടെ മോശം ടയറുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് വാഹനം മറിഞ്ഞുള്ള അപകടത്തിന് കാരണമാകുമെന്നും കാലപ്പഴക്കം ചെന്ന ടയറുകള്‍ അപകടം ക്ഷണിച്ചുവരുത്തുമെന്നും അബുദാബി പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ സലിം ബിന്‍ ബറക് വ്യക്തമാക്കി.
വേനല്‍കാലത്ത് യുഎഇയിലുണ്ടാകുന്ന അപകടങ്ങളില്‍ 5 ശതമാനവും ടയര്‍ പൊട്ടിയാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ നിലവാരമുള്ള ടയറുകള്‍ മാത്രം ഉപയോഗിക്കണമെന്നും സലിം ബിന്‍ ബറക് അറിയിച്ചു. അതേസമയം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി 16 വരെ അബുദാബി പൊലീസ് സൗജന്യ ടയര്‍ പരിശോധന വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
