തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിക്ക് ഒരു കൈ സഹായവുമായി സര്‍ക്കാര്‍. പ്രതിസന്ധിയിലായ കെഎസ്‌ആര്‍ടിസിയ്ക്ക് റോഡ് ടാക്‌സ് ഒഴിവാക്കി നല്‍കി. രണ്ടായിരത്തി ഇരുപത്തിയൊന്ന് വരെയുളള റോഡ് ടാക്‌സാണ് ഒഴിവാക്കി നല്‍കിയത്. അതേസമയം കഴിഞ്ഞ മാര്‍ച്ച് വരെ മാത്രം കെഎസ്‌ആര്‍ടിസി നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ളത് 1797 കോടി രൂപയാണ്.
വര്‍ഷങ്ങളായി അന്തര്‍സംസ്ഥാന ബസുകള്‍ക്ക് മാത്രമേ കെഎസ്‌ആര്‍ടിസി നികുതി അടയ്ക്കാറുള്ളു. ടോമിന്‍ തച്ചങ്കരി എംഡിയായി വന്നതിനു പിന്നാലെ അതും നിര്‍ത്തിയിരുന്നു. ഇതരസംസ്ഥാനത്ത് വെച്ച് ഏതെങ്കിലും ബസ് അപകടത്തില്‍പെട്ടാല്‍ അതിന് മാത്രം നികുതി അടച്ച് രക്ഷപ്പെടുകയായിരുന്നു പതിവ്. ഇതിനിടെയാണ് 2008 മുതലുള്ള നികുതി കുടിശികയായ 1797 കോടി രൂപ ഉടന്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് കത്ത് നല്‍കിയത്.
ഏഴുദിവസത്തിനുള്ളില്‍ കുടിശിക അടയ്ക്കാത്തപക്ഷം റവന്യു റിക്കവറി നടപടിക്ക് അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോടും വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിലടക്കം ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയാണ് കെഎസ്‌ആര്‍ടിസിക്ക് ഓരോ വര്‍ഷവും സംഭവിക്കുന്നതെന്നും അതുകൊണ്ട് നികുതി ഒഴിവാക്കണമെന്നും കെഎസ്‌ആര്‍ടിസി നിരന്തരം ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇത് കണക്കിലെടുത്താണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുളള നികുതി ഒഴിവാക്കിയത്. 1970 ലെ ബസുകളുടെ എണ്ണം അനുസരിച്ചാണ് ഇപ്പോഴും കെഎസ്‌ആര്‍ടിസിയുടെ നികുതി നിശ്ചയിക്കുന്നത്.
