വ്യാ സന്‍ കെ.പി. സംവിധാനം ചെയ്ത ശുഭരാത്രി കണ്ണീരോടെയല്ലാതെ കണ്ടു തീര്‍ക്കാനാകില്ല. ബന്ധങ്ങളെ അത്ര ഹൃദ്യമായി അവതരിപ്പിക്കുന്നതില്‍ തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും വ്യാസന്‍ വിജയിച്ചിരിക്കുന്നു.
സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ് എന്ന കഥാപാത്രത്തിന്റെ നന്മകളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. പ്രവാചകന്റെ പേര് കഥാപാത്രത്തിന് മനഃപൂര്‍വ്വം കൊടുത്തതാകാം. സൗഹൃദം, കുടുംബം, ദാമ്ബത്യം, ബന്ധുത്വം തുടങ്ങി മനുഷ്യന്‍ ഇടപെടുന്ന ബന്ധങ്ങളെ അവയുടെ ആഴത്തില്‍ തന്നെ പറഞ്ഞു വെയ്ക്കുന്നു ശുഭരാത്രി.
ഇതൊരു ദിലീപ് ചിത്രമല്ല. സിദ്ദിഖ് ചിത്രമാണ്. മുഹമ്മദ് എന്ന നന്മയുടെ പൂമരമായി സിദ്ദിഖ് ജീവിക്കുന്നു. സാഹചര്യം കൊണ്ട് മോഷ്ടാ വേകേണ്ടി വരുന്ന കൃഷ്ണന്‍ എന്ന കഥാപാത്രത്തെ ദിലീപ് അവിസ്മരണീയമാക്കുന്നുണ്ട്. ഇസ്ലാമിക തീവ്രവാദത്തെ വാര്‍ത്താ കട്ടിംഗുകളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചു കൊണ്ടാണ് ശുഭരാത്രിയുടെ ടൈറ്റിലുകള്‍ തെളിയുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) നടത്തിയ ക്രൂരതകള്‍ വാര്‍ത്തകളില്‍ വന്നു പോകുന്നു. കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേക്കേറിയവരെ കുറിച്ചുള്ള സൂചനകളും ആ വാര്‍ത്താ കട്ടിംഗുകളുടെ കൊളാഷിലുണ്ട്.
ഇരുപത് വര്‍ഷം മുമ്ബ് നടന്ന ഒരു പിടിച്ചുപറി കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. അത് ഫ്ളാഷ് ബാക്കിനുള്ള ഒരു സൂചന മാത്രം.പള്ളിയില്‍ നിന്ന് ഉയരുന്ന ഒരു മരണ വിളംബരത്തോടെയാണ് സിനിമയില്‍ വര്‍ത്തമാന ജീവിതം തുടങ്ങുന്നത്. ഐ.എസില്‍ ചേരാന്‍ കുടുംബ സമേതം സിറിയയിലേക്ക് പോയ തീവ്രവാദിയായ ഒരു മുസ്ലിം ചെറുപ്പക്കാരന്‍ അവിടെ കൊല്ലപ്പെടുന്നു. ആ മരണമാണ് പള്ളിയില്‍ നിന്ന് വിളംബരം ചെയ്യുന്നത്. പിന്നീട് സിനിമ സംസാരിക്കുന്നത് ഇസ്ലാമിന്റെ പക്ഷത്തുനിന്നാണ്. ഐ.എസിന്റെ ഇസ്ലാം ഞങ്ങളുടെ ഇസ്ലാമല്ലെന്നാണ് കേരളത്തിലെ തീവ്ര രാഷ്ട്രീയ ഇസ്ലാം സംഘടനകള്‍ അവകാശപ്പെടുന്നത്.
ആ അവകാശ വാദം ആവര്‍ത്തിക്കുകയാണ് ശുഭരാത്രി. അത് സ്ഥാപിക്കാന്‍ മുസ്ലിം സമം നന്മ എന്നൊരു സമവാക്യം ഈ സിനിമ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഏതൊരു മനുഷ്യന്റെ ഉള്ളിലും ഉണ്ടാകേണ്ട മാനുഷിക ചിന്തയെ ഒരു മുസ്ലിമിന്റെ മാത്രം മഹാ മനസ്‌കതയായും അതിന്റെ അടിസ്ഥാനം ഇസ്ലാമും ഖുര്‍ആനുമാണെന്നും സ്ഥാപിക്കുകയും ചെയ്യുന്നിടത്താണ് ശുഭരാത്രി രാഷ്ട്രീയമായി പരാജയപ്പെടുന്നത്. കള്ളനാകേണ്ടി വരുന്ന കഥാപാത്രത്തിന് കൃഷ്ണന്‍ എന്നു പേരിടുമ്ബോഴും ഏഴാം ക്ലാസില്‍ തോറ്റ് ഗതികെട്ട് ജീവിക്കുന്ന മുഹമ്മദിന്റെ പഴയ സഹപാഠിക്ക് ഒരു അമുസ്ലിം നാമം നല്‍കുമ്ബോഴും സിനിമയുടെ രാഷ്ട്രീയം സംശയിക്കപ്പെടുന്നുണ്ട്. മുസ്ലിമിന്റെ നന്മ ഒരു പടി ഉയരത്തില്‍ നില്‍ക്കണമെങ്കില്‍ ത്രാസ് അങ്ങിനെ പിടിക്കേണ്ടതുണ്ട്.
കൃഷ്ണന്റെ കുഞ്ഞിനെ സംരക്ഷിക്കാന്‍ കന്യാസ്ത്രീകള്‍ കൂടി എത്തുമ്ബോള്‍ ടി.എ. റസാഖ് ഉപേക്ഷിച്ചു പോയ കൃത്രിമ മതേതരത്വത്തിന്റെ ഒരു തരം വൃത്തികേടും അനുഭവപ്പെടുന്നുണ്ട്. സുഡാനി ഫ്രം നൈജീരിയ, വൈറസ് പോലുള്ള സിനിമകളില്‍ ആരംഭിച്ച ഈ പൊളിറ്റിക്കല്‍ ഇസ്ലാം ന്യായീകരണ കാഴ്ചകള്‍ക്ക് സംവിധായകന്‍ എവിടെയോ വശപ്പെട്ടു പോയിട്ടുണ്ട്. അനുഷ്ഠാനങ്ങളില്‍ മാത്രം മതം കൊണ്ടു നടന്നിരുന്ന കാലത്ത് മുസ്ലിംകള്‍ ഒരു ഫോബിയക്കും വിധേയരായിരുന്നില്ല. പിന്നീട് മൗദൂദിസവും സലഫിസവും ഇറക്കുമതി ചെയ്തവരാണ് മുസ്ലിം മനസ്സുകളെ വഴിതെറ്റിച്ചതും രാഷ്ട്രീയ ഇസ്ലാം, ശുദ്ധ ഇസ്ലാം തീവ്രവാദത്തിലേക്ക് ചെറുപ്പക്കാരെ നയിച്ചതും. അവരുടെ പ്രസിദ്ധീകരണങ്ങളും മാധ്യമങ്ങളും വര്‍ത്തമാന കാലത്ത് അതിന് ആക്കം കൂട്ടുന്നുണ്ട്.
ഏതെങ്കിലും സംഘടനകളുമായി സിറിയയില്‍ കൊല്ലപ്പെട്ട ചെറുപ്പക്കാരന് ബന്ധമുണ്ടായിരുന്നോ എന്ന് പൊലീസ് ചോദിക്കുമ്ബോള്‍, അദ്ധ്യാപകനും ‘നല്ല ‘ മുസ്ലിമുമായ അയാളുടെ ബാപ്പ അവന്‍ ഇടക്കാലത്ത് വായിച്ച ചില പുസ്തകങ്ങളെ കുറിച്ച് പറയുന്നുണ്ട്. കേരളത്തില്‍ ഐ.എസ്സിന്റെ സാന്നിധ്യമുണ്ടെന്നും അതിനെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്ന സംഘടനകളും പ്രസിദ്ധീകരണങ്ങളുമുണ്ടെന്നും തുറന്നു പറയാന്‍ സിനിമ ധൈര്യം കാണിക്കുന്നു.
ഇത്രയും പറഞ്ഞത് സിനിമയുടെ രാഷ്ടീയമാണ്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ജീവിവിച്ചിരുന്ന ഒരു മനുഷ്യന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ശുഭരാത്രി കുടുംബ സമേതം കാണാവുന്ന സിനിമയാണ്. കണ്ണു നനയാതെ നിങ്ങള്‍ക്കിത് കണ്ടു തീര്‍ക്കാനാകില്ല.
ആ ഇസ്ലാം ഞങ്ങടെ ഇസ്ലാമല്ലെന്ന് കേരളത്തില്‍ പോസ്റ്ററൊട്ടിക്കുന്ന കുമ്ബളങ്ങാ കള്ളന്മാരുണ്ട്. സിനിമയില്‍ പേരില്ലാത്ത ഒരു കഥാപാത്രം പറയുന്ന സംഭാഷണത്തില്‍ കേരളം പോലെ ഒരു നാട്ടില്‍ നിന്നു ആളുകള്‍ എങ്ങിനെ ഐഎസില്‍ ചേക്കേറുന്നുവെന്ന് ചോദിക്കുന്നുണ്ട്. അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് സിനിമയും ജീവിതവും തിരിച്ചറിയേണ്ടത്.നന്മ മതത്തിന്റേതല്ല, മനുഷ്യന്റേതാണ്.
എന്‍ബി: ഒരിടത്ത് സലാം പറയുന്നതിന്റെ പ്രോട്ടോകോള്‍ തെറ്റിച്ചതൊഴിച്ചാല്‍ ഇസ്ലാമിക സംജ്ഞകള്‍ കൃത്യമായി പ്രയോഗിക്കുന്നതില്‍ വ്യാസന്റെ ഗൃഹപാഠം വിജയിച്ചിരിക്കുന്നു.
