അലനല്ലൂര്‍: എടത്തനാട്ടുകര ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ കാര്‍ഷിക മേഖലയിലേക്ക് അടുപ്പിക്കുക, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ഓണത്തിനായി ‘ഹരിതം’പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമായി.
വിളകള്‍ ഉച്ച ഭക്ഷണത്തിന് ഉപയോഗിക്കുക, കുട്ടികളില്‍ കൃഷി ശീലം വളര്‍ത്തിയെടുത്ത് ഓരോ വീടുകളിലും പച്ചക്കറി കൃഷി ചെയ്യാനുള്ള താല്‍പ്പര്യം ഉണ്ടാക്കുക എന്നതാണ് പദ്ധതികൊണ്ട് ആഗ്രഹിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയോടുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിക്കാനും, വിഷരഹിത പച്ചക്കറികള്‍ ഉദ്പ്പാദിപ്പിക്കുന്നതിനും ഇത് പ്രചോദനമായതായി രക്ഷിതാക്കള്‍ പറഞ്ഞു.
എന്‍.എസ്.എസ് മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ.എച്ച്.ഫഹദ് പച്ചക്കറിത്തൈ നട്ട് കൃഷി പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രോഗ്രാം ഓഫീസര്‍ സി.സിദ്ധീഖ് അധ്യക്ഷനായി. ജി ദിവ്യ ,പി അന്‍ഷിദ ,അമന്‍ മുബാറക് ,പി ദിവ്യ സി സഹല്‍ നേതൃത്വം നല്‍കി .ഓണത്തിന് വിളവെടുക്കാന്‍ ലക്ഷ്യമിട്ടാണ് വഴുതന, ചീര, വെണ്ട, പടവലം,തക്കാളി,പയര്‍ ,തുടങ്ങിയ പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്.
ജലസേചനം, വളപ്രയോഗം, പരിചരണം എല്ലാം വിദ്യാര്‍ത്ഥികളാണ് നടത്തുക. കപ്പ,ചേന,കുവ്വ എന്നിവയും കൃഷിചെയ്ത് വരുന്നു. ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്ത പ്രവര്‍ത്തനവും ശ്രദ്ധേയമായിരുന്നു. വീടുകളില്‍ കൃഷിത്തോട്ടം ഉണ്ടാക്കാനുള്ള പിന്തുണയും പ്രോത്സാഹനവും കൂടിയാണിത്.
