ന്യൂഡല്‍ഹി: ഇഎസ്ഐ വിഹിതത്തില്‍ 2.5 ശതമാനത്തിന്റെ വന്‍ കുറവു വരുത്തി കേന്ദ്രസര്‍ക്കാര്‍. തൊഴിലാളി വിഹിതം, 1.75 ല്‍ നിന്ന് 0.75% ആയാണു കുറച്ചത്. തൊഴിലുടമ 4.75% വിഹിതത്തിനു പകരം 3.25% നല്കിയാല് മതി. അതേസമയം, ആനുകൂല്യങ്ങള്‍ നിലനിര്‍ത്തിയിട്ടുമുണ്ട്. ജൂലൈ ഒന്നിനു നടപ്പില്‍ വരും. പരിഷ്കാരത്തോടെ, ഇഎസ്ഐ വിഹിതം 6.5 ശതമാനത്തില്‍ നിന്ന് 4% ആയി കുറയും. ശേഷിക്കുന്ന തുക ഇഎസ്ഐ കോര്പറേഷന് വഹിക്കും.
രാജ്യത്തെ 36 ലക്ഷം തൊഴിലാളികള്‍ക്കും 12.8 ലക്ഷം തൊഴിലുടമകള്‍ക്കും ഇതിന്റെ നേട്ടമുണ്ടാവുമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. തൊഴിലുടമകള്‍ക്കു നിലവില്‍ നല്കുന്ന വിഹിതത്തില്‍ 40 ശതമാനത്തോളം കുറവു വരും.
2018-19 വര്‍ഷം മാത്രം തൊഴിലുടമകളില്‍ നിന്നായി സര്‍ക്കാരിന് 22,379 കോടി രൂപ ലഭിച്ചിരുന്നു. തൊട്ടുമുന്‍പത്തെ വര്‍ഷം 13,662 കോടി ലഭിച്ച സ്ഥാനത്തായിരുന്നു ഇത്. വിഹിതത്തില്‍ വന്ന ഈ വര്‍ധനയും അതില്‍ നിന്നു ലഭിച്ച നീക്കിയിരിപ്പും ഇഎസ്ഐ സ്ഥാപനങ്ങളുടെ നടത്തിപ്പിന് മതിയാവുമെന്നു മനസിലാക്കിയാണ് പങ്കാളിത്ത വിഹിതത്തില്‍ കുറവു വരുത്താന്‍ സര്‍ക്കാര്‍ തയാറായത്.
ഇഎസ്ഐയുടെ തോത് കുറയ്ക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മെഡിക്കല്‍, ക്യാഷ്, പ്രസവം, വൈകല്യം, ആശ്രിത ആനുകൂല്യങ്ങള്‍ തുടങ്ങിയവ 1948 ലെ എംപ്ലോയീസ് ഇന്‍ഷുറന്‍സ് ആക്ട്( ഇഎസ്ഐ) ആക്ടിനു കീഴില്‍ വരുന്നവയാണ്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സംഭാവനയുടെ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്.
