തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിലെ വന്‍തോല്‍വിക്ക് ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് ഒരു പരിധിവരെ കാരണമായി എന്ന് സമ്മതിക്കുകയാണ് സി.പി.എം സംസ്ഥാന സമിതിയോഗം. അതേ സമയം ശബരിമലയിലെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നടത്തിയ പ്രസ്താവന തള്ളുകയും ചെയ്തു. ശബരിമലയില്‍ ആചാര സംരക്ഷണമാവശ്യപ്പെട്ട് കൊല്ലം എം.പി. എന്‍.കെ. പ്രേമചന്ദ്രന് ലോക്സഭയില്‍ കൊണ്ട് വരാന്‍ ശ്രമിച്ച സ്വകാര്യ ബില്ലിനെ പരസ്യമായി പിന്തുണച്ചതിനാണ് കടകം പളളിയെ സംസ്ഥാന സമിതിയോഗത്തില്‍ വിമര്‍ശിച്ചത്. കടകംപള്ളി പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും, സി.പി.എമ്മിന്റെയും എല്‍.ഡി.എഫ് സര്‍ക്കാരിന്റെയും നിലപാട് ഇക്കാര്യത്തില്‍ സുവ്യക്തമാണെന്നും നേതൃത്വം വ്യക്തമാക്കി. പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകള്‍ മേലില്‍ നടത്തരുതെന്ന് മന്ത്രിയെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഇതാദ്യമായിട്ടല്ല ദേവസ്വം മന്ത്രിയുടെ പ്രസ്താവനകളും പ്രവര്‍ത്തിയും പാര്‍ട്ടി തിരുത്തുന്നത്.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശബരിമല വിഷയവും കാരണമായെന്ന് യോഗം വിലയിരുത്തി. ഈ വിഷയത്തില്‍ ജനങ്ങളുടെ മനസ് കാണുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു എന്നാണ് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്. സ്ഥിരമായി സി.പി.എമ്മിന് വോട്ട് ചെയ്യുന്നവരില്‍ ഒരു വിഭാഗത്തെ കോണ്‍ഗ്രസിനും ബി.ജെ.പിക്കും അടര്‍ത്തിയെടുക്കാന്‍ സാധിച്ചു. വനിതമതിലിന് തൊട്ടുപിന്നാലെ രണ്ട് സ്ത്രീകളെ ശബരിമലയില്‍ കയറ്റി എന്ന എതിരാളികളുടെ ആരോപണം തിരഞ്ഞെടുപ്പില്‍ ആഘാതമായെന്നും സംസ്ഥാന സമിതി വിലയിരുത്തി. വനിതമതിലിലുള്പ്പടെയുള്ള ബഹുജന സമരങ്ങളില്‍ പങ്കെടുത്തവരുടെ വോട്ട് പാര്‍ട്ടിക്കനുകൂലമായി ലഭിച്ചില്ലെന്നും, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന അംഗീകാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നും അഭിപ്രായമുയര്‍ന്നു. അതേസമയം സംസ്ഥാനത്ത് ബി.ജെ.പിയുടെ വളര്‍ച്ച നേരിടാന്‍ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കണമെന്നും പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ആവശ്യമുയര്‍ന്നു.
