ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ പാകിസ്ഥാനിലെ ബലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ അനുഭവം തുറന്ന് പറഞ്ഞ് ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് വ്യോമസേനാ പൈലറ്റുമാര്‍. സ്വന്തം കുടുംബക്കാരെപ്പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് പാകിസ്ഥാനെതിരെയുള്ള ദൗത്യത്തില്‍ പങ്കെടുത്തതതെന്നും 90 സെക്കന്‍ഡിനുള്ളില്‍ ആക്രമണം അവസാനിപ്പിച്ച് തങ്ങള്‍ പാക് അതിര്‍ത്തിയില്‍ നിന്ന് മടങ്ങിയെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇവര്‍ വ്യക്തമാക്കി. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഫെബ്രുവരി 14ന് കാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പകരമായി ഫെബ്രുവരി 26നാണ് വ്യോമസേനയുടെ രണ്ട് മിറാഷ് 2000 വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ബോംബാക്രമണം നടത്തിയത്.
പുല്‍വാമ ആക്രമണത്തിന് ശേഷം ഒരു പ്രത്യാക്രമണം ഉണ്ടാകുമെന്ന് തങ്ങള്‍ക്ക് ഉറപ്പായിരുന്നുവെന്ന് പൈലറ്റുമാര്‍ പറയുന്നു. എന്നാല്‍ ഏത് രീതിയിലാണ് പ്രത്യാക്രമണമെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. ഏത് രീതിയിലാണ് പ്രത്യാക്രമണം നടക്കുകയെന്നതിനെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളും പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ചിലയിടത്ത് പ്രത്യാക്രമണത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായും കേട്ടു. എന്നാല്‍ ഫെബ്രുവരി 25ന് നാല് മണിയോടെ മിറാഷ് വിമാനങ്ങളില്‍ സ്പൈസ് 2000 ബോംബ് ലോഡ് ചെയ്തു. എവിടെയാണ് ആക്രമണം നടത്തേണ്ടതെന്ന കാര്യവും മിസൈലില്‍ രേഖപ്പെടുത്തി. ആക്രമണത്തിന് തയ്യാറെടുക്കുന്നത് സഹപ്രവര്‍ത്തകരെപ്പോലും അറിയിക്കാതിരിക്കാന്‍ മേലുദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
