ന്യൂഡല്‍ഹി∙ കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന് വന്‍രാഷ്ട്രീയ വിജയം നല്‍കി മുത്തലാഖ് ബില്‍ രാജ്യസഭയും പാസാക്കി. മുത്തലാഖ് ഓര്‍ഡിനന്‍സിനു പകരമുള്ള നിയമമാണു രാജ്യസഭ അംഗീകരിച്ചത്. 99 പേര്‍ ബില്ലിനെ അനുകൂലിച്ചു. എതിര്‍ത്തത് 84 പ്രതിനിധികള്‍. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതാണു നിയമം. ജെ.ഡി.യു, എ.ഐ.എ.ഡി.എം.കെ എന്നീ കക്ഷികള്‍ വിട്ടുനിന്നു. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.
മഹാത്മാ ഗാന്ധി, റാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണ്‍ തുടങ്ങിയവരുടെ ആശയങ്ങളാണു തങ്ങള്‍ പിന്തുടരുന്നതെന്നും ബില്ലിനെ എതിര്‍ക്കുന്നതായും ഇറങ്ങിപ്പോകുന്നതിനു മുന്‍പ് ജെ.ഡി.യു അംഗം ബസിഷ്ട നരെയ്ന്‍ സിങ് പറഞ്ഞു. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ഈ നിയമം ആയുധമാക്കുന്നതിനാണ് ബില്‍ കൊണ്ടുവരുന്നതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയിലൂടെ നമ്മുടെ പെണ്‍മക്കള്‍ ഉയരങ്ങളിലെത്തുകയാണ്. ലിംഗനീതി, സമത്വം, മാന്യത എന്നിവയെല്ലാം മുത്തലാഖ് ബില്ലിന്റെ ഉള്ളടക്കമാണ്. ഇന്ത്യ മതേതരമാണെങ്കില്‍ എന്തുകൊണ്ടു നമുക്ക് മുത്തലാഖ് നിരോധിക്കാന്‍ സാധിക്കുന്നില്ല. 20ല്‍ അധികം രാജ്യങ്ങള്‍ ഇതു നിയന്ത്രിച്ചിട്ടുണ്ട്. 2017ല്‍ സുപ്രീം കോടതി ഉത്തരവിനുശേഷം നിയമവിരുദ്ധമായ 574 കേസുകളാണു ശ്രദ്ധയില്‍പെട്ടതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
അതേസമയം ബില്ലില്‍ ഒരു വിഭാഗത്തിലെ സ്ത്രീകളെക്കുറിച്ചു മാത്രമാണു പറയുന്നതെന്നു പ്രതിപക്ഷം തിരിച്ചടിച്ചു. രാജ്യത്തെ എല്ലാ സ്ത്രീകളെക്കുറിച്ചും സര്‍ക്കാര്‍ ആശങ്കപ്പെടാത്തതെന്തെന്നും പ്രതിപക്ഷം ചോദിച്ചു. ബില്‍ ഇസ്‍ലാം മതവിഭാഗത്തെ വളരെ മോശമായാണു ലക്ഷ്യമാക്കുന്നത്. സുപ്രീം കോടതി മുത്തലാഖ് ബില്‍ ബില്‍ നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം വ്യക്തമാക്കി. ബില്‍ സെലക്‌ട് പാനലിനു വിടുകയാണു വേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അതേസമയം ബില്ലിനെ രാഷ്്ട്രീയപരമായോ, വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കിയോ അല്ല വിലയിരുത്തേണ്ടതെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. മോദി സര്‍ക്കാര്‍ വന്നശേഷം 2,300 സ്ത്രീകളാണ് ഹജിനു പോയതെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി രാജ്യസഭയില്‍ പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയാണ് കോണ്‍ഗ്രസിന്റെ നീക്കം. മൗലികവാദികളുടെ കൂടെയാണ് കോണ്‍ഗ്രസ് നില്‍ക്കുന്നതെന്നും നഖ്‍വി പറഞ്ഞു. ബില്‍ ചര്‍ച്ച ചെയ്യുന്നതിന് ഉപരാഷ്ട്രപതി നാല് മണിക്കൂറാണു സമയം അനുവദിച്ചത്.
