ന്യൂഡല്‍ഹി: കശ്‍മീര്‍ സംബന്ധിച്ച വിഷയത്തില്‍ പാകിസ്ഥാനുമായി മാത്രമാണ് ഇന്ത്യ ചര്‍ച്ചകള്‍ നടത്തുകയെന്നും അമേരിക്ക ഇക്കാര്യത്തില്‍ ഇടപെണ്ടതില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മദ്ധ്യസ്തത വഹിക്കാന്‍ അമേരിക്ക തയാറാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് മറുപടി നല്‍കുകയായിരുന്നു ജയ്ശങ്കര്‍. തായ്‌ലന്‍ഡില്‍ നടന്ന ആസിയാന്‍ സമ്മേളനത്തില്‍ അമേരിക്കന്‍ സെക്രട്ടറി ഒഫ് സ്റ്റേറ്റ് മൈക്ക് പോംപിയോയോടാണ് വിദേശകാര്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു.
‘കശ്മീര്‍ വിഷയത്തിലുള്ള ചര്‍ച്ചകള്‍ പാകിസ്ഥാനുമായി മാത്രമാണ് നടക്കുക എന്നും ഇരു രാജ്യങ്ങളും തമ്മിലാണ് ചര്‍ച്ചകള്‍ നടക്കേണ്ടതെന്നും അമേരിക്കന്‍ സെക്രട്ടറി ഒഫ് സ്റ്റേറ്റ് മൈക്ക് പോംപിയോയെ വ്യക്തതയോടെ ഇന്ന് രാവിലെ അറിയിക്കാന്‍ കഴിഞ്ഞു.’ എസ്. ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു.
കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ താന്‍ മദ്ധ്യസ്ഥന്റെ സ്ഥാനം വഹിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും മോദിക്കും പാകിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാനും ഇടയില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ താന്‍ ഇപ്പോഴും തയാറാണെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.
കശ്‍മീരിന്റെ കാര്യം താന്‍ മോദിയുമായി സംസാരിച്ചിരുന്നുവെന്ന് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതിന് മുന്‍പ്, കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി മോദി തന്നോട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ മോദി ഇങ്ങനെയൊരു ആവശ്യം ട്രംപിനോട് ഉന്നയിച്ചിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. കാശ്‍മീരിനെ കുറിച്ച് ഒന്നും മോദി ട്രംപിനോട് സംസാരിച്ചിട്ടില്ല എന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
