ജമ്മു കാശ്മീരില്‍ എല്ലാ പ്രീപെയ്ഡ് മൊബൈല്‍ സര്‍വ്വീസുകളും തിങ്കളാഴ്ചയോടെ പുനഃസ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ വക്താവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ രോഹിത് കന്‍സാല്‍ പറഞ്ഞു. പോസ്റ്റ്പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ ഒക്ടോബര്‍ പതിന്നാലോടെ പുനസ്ഥാപിക്കപ്പെടും.
ശനിയാഴ്ച തന്നെ മൊബൈല്‍ സേവനങ്ങള്‍ പുനസ്ഥാപിക്കപ്പെടുമെന്നാണ് നേരത്തെ വിവരമുണ്ടായിരുന്നത്. എന്നാല്‍ അവസാനനിമിഷത്തിലുണ്ടായ ചില സാങ്കേതികത്തകരാറുകള്‍ നിമിത്തം ഇത് മാറ്റി വെക്കുകയായിരുന്നു. അതെസമയം, മൊബൈല്‍ കോളുകള്‍ ചെയ്യാനുള്ള സൗകര്യം മാത്രമേ പുനസ്ഥാപിക്കൂ. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കപ്പെടാന്‍ ഇനിയും കാത്തിരിക്കേണ്ടതായി വരും.
ഓഗസ്റ്റ് 5ന് ജമ്മു കാശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശം നീക്കം ചെയ്ത നടപടിക്കു മുമ്ബായാണ് സര്‍ക്കാര്‍ എല്ലാ ആശയവിനിമയ സംവിധാനങ്ങളും തടഞ്ഞത്. വിനിമയ ബന്ധങ്ങള്‍ പൂര്‍ണമായും വിച്ഛേദിക്കുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇത് ജനജീവിതത്തെ ഏറെ ദുഷ്കരമാക്കി. മാധ്യമങ്ങള്‍ക്ക് കടുത്ത വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ എങ്ങനെ ജീവിക്കുന്നുവെന്നതിനെ കുറിച്ച് യാതൊരു വ്യക്തതയുമില്ലെന്നും ആരോപണങ്ങള്‍ നിലവിലുണ്ട്.
ആശയവിനിമയ സന്നാഹങ്ങള്‍ പുനസ്ഥാപിക്കണമെന്ന് അന്തര്‍ദ്ദേശീയ സമ്മര്‍ദ്ദവും ഇന്ത്യ നേരിട്ടു വന്നിരുന്നു.
ബിഎസ്‌എന്‍എല്‍ സര്‍വ്വീസ് മാത്രമായി തുടക്കത്തില്‍ സ്ഥാപിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ ആലോചന. ബിഎസ്‌എന്‍എല്‍ ഫോണുകളിലേക്ക് സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ ഇന്‍ഡകമിങ് കോളുകളും അനുവദിക്കുന്ന വിധത്തില്‍. ഇതിനിടെ ട്രാവല്‍ അസോസിയേഷനുകള്‍ സര്‍ക്കാരിനെ ആവലാതിയുമായി സമീപിച്ചു. ഫോണ്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ടൂറിസ്റ്റുകള്‍ വരുന്നില്ലെന്നും ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകണമെന്നുമായിരുന്നു അവരുടെ ആവശ്യം.
കാശ്മീരിലെ മുഖ്യധാര രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേര്‍ ഇപ്പോഴും തടവിലാണ്. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുളള, ഉമര്‍ അബ്ദുള്ള, മെഹ്ബുബ മുഫ്തി എന്നിവരും അറസ്റ്റിലാണ്.
