കൊച്ചി: പെരുമഴ, വെള്ളപ്പൊക്കം തുടങ്ങി പ്രകൃതി ക്ഷോഭങ്ങളുണ്ടാകുമ്ബോള്‍ അന്തസ്സംസ്ഥാന അണക്കെട്ടുകളുടെ പ്രവര്‍ത്തനം കമ്മിഷന്‍ ഏറ്റെടുക്കുന്നതില്‍ അഭിപ്രായമാരാഞ്ഞ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ കത്ത്. മുല്ലപ്പെരിയാര്‍ അന്തസ്സംസ്ഥാന അണക്കെട്ടാണ്. കേരളത്തിന്‍റെ ഭൂമിയിലാണ് അണക്കെട്ട് നില്‍ക്കുന്നതെങ്കിലും നിയന്ത്രണം തമിഴ്‌നാടിനാണ്. പ്രളയകാലത്ത് അണക്കെട്ടിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ഇരുസംസ്ഥാനങ്ങളിലെയും സ്ഥിതി മനസ്സിലാക്കി പക്ഷഭേദമില്ലാതെ നടപടി സ്വീകരിക്കാന്‍ കമ്മിഷന് സാധിക്കും.
പ്രകൃതിക്ഷോഭമുള്ളപ്പോള്‍ മുല്ലപ്പെരിയാറിന്‍റെ നിയന്ത്രണം കേന്ദ്ര ജല കമ്മിഷന്‍ ഏറ്റെടുക്കുന്നത് കേരളത്തിന് ഗുണകരമാകുമെന്ന് അന്തസ്സംസ്ഥാന നദീജല ഏജന്‍സി സ്പെഷ്യല്‍ ഓഫീസര്‍ ജെയിംസ് വിത്സണ്‍ പറഞ്ഞു. കേന്ദ്ര ജല കമ്മിഷനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുന്നതും കേരളത്തിന് പ്രയോജനം ചെയ്യും.
കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ ഇടുക്കി അണക്കെട്ട് തുറന്നുവിടേണ്ടി വന്നിരുന്നു. ഇടുക്കിക്കുമുകളിലാണ് മുല്ലപ്പെരിയാര്‍. ഇടുക്കിയുടെ സാഹചര്യം മനസ്സിലാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് കേരളത്തിന് അധികാരമില്ല. ജലനിരപ്പ് 140 അടിയായപ്പോഴാണ് തമിഴ്‌നാട് 13 സ്പില്‍വേകള്‍ വഴി മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിയിലേക്ക് ഒഴുക്കിയത്. ഇത് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രളയത്തിനിടയാക്കി.
