ന്യൂഡല്‍ഹി: പ്രളയദുരിതാശ്വാസത്തിനായി രാപ്പകലില്ലാതെ ജോലി ചെയ്ത കണ്ണന് ഗോപിനാഥ് എന്ന മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥനെ കേരളത്തിലെ ജനത അത്ര പെട്ടെന്ന് മറക്കില്ല. തന്റെ പേര് പോലും വെളിപ്പെടുത്താതെയാണ് അന്ന് ആ ഐ.എ.എസുകാരന് ദുരിതാശ്വാസത്തിനായി ചാക്ക് ചുമന്നത്. എന്നാല്‍ ഇപ്പോഴിതാ കണ്ണന് ഗോപിനാഥ് തന്റെ പദവിയില്‍ നിന്നും രാജിവച്ചതായി റിപ്പോര്‍ട്ട്. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് രാജിക്ക് പിന്നിലെന്ന് സൂചന. കോട്ടയം പുതുപ്പളി സ്വദേശിയാണ് കണ്ണന് ഗോപിനാഥ്.
2012 ബാച്ചിലെ ഉദ്യോഗസ്ഥനായ കണ്ണന് ദാദ്ര നഗര്‍ ഹവേലിയിലെ കളക്ടറാണ്. നഗരവികസനം, വൈദ്യുതി, കൃഷി തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയും കണ്ണനുണ്ട്. എന്നാല്‍ ഐ.എ.എസ് പദവിയിലിരുന്ന് കൊണ്ട് തന്റെ ആശയങ്ങള്‍ സ്വതന്ത്ര്യമായി ആവിഷ്ക്കരിക്കാന്‍ സാധിക്കാത്തതിനാലാണ് കണ്ണന് രാജിക്ക് ഒരുങ്ങുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. രാജിക്കത്ത് നല്കിയെന്നുള്ളത് കണ്ണന് ഗോപിനാഥന് സ്ഥിരീകരിച്ചിട്ടുണ്ട്. രാജി അപേക്ഷ ഇതുവരെ സ്വീകരിച്ചിട്ടില്ല. ‘എല്ലാവരുടെയും ശബ്ദമാവാനാണ് ഐ.എ.എസ് എടുത്തത്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ തന്നെ ശബ്ദമില്ലാതാവുന്ന അവസ്ഥയാണുള്ളത്. ഉദ്യോഗസ്ഥനായിരിക്കെ പലതും തുറന്നു പറയാനാവില്ല’- രാജിയെ കുറിച്ച് കണ്ണന് ഗോപിനാഥ് പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.
ദാദ്രാ ഹവേലി കളക്ടറായിരിക്കെ ജോലിയില്‍ നിന്നും ലീവെടുത്താണ് കണ്ണന് ഗോപിനാഥ് പ്രളയ ദുരിതാശ്വാസത്തിനായി കേരളത്തിലെത്തിയത്. പത്തനംതിട്ടയിലും കൊച്ചിയിലും കണ്ണന് സന്നദ്ധസേവനം നടത്തിയിരുന്നു. വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരനും ജനസമ്മതനുമായ ഓഫീസറായിരുന്നു കണ്ണന് ഗോപിനാഥ്. പ്രളയക്കെടുതിക്ക് ശേഷം 10 ദിവസമാണ് വിവിധ കളക്ഷന്‍ സെന്റെറുകളിലായി കണ്ണന് ഗോപിനാഥ് സേവനം അനുഷ്ടിച്ചത്.ഇതു കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടലേയ്ക്ക് ഒരുകോടി രൂപ സംഭാവനയും ചെയ്തു. എന്നാല്‍ തന്റെ ഔദ്യോഗിക പദവികളും സ്ഥാനമാനങ്ങളും അദ്ദേഹം വെളിപ്പെടുത്താന്‍ അന്ന് അദ്ദേഹം തയ്യാറായിരുന്നില്ല.
