മതസാഹോദര്യത്തിൻ്റെ വിളംബരവുമായി ഏഴ് പതിറ്റാണ്ടിന് ശേഷം ഡിസംബർ 23 മുതൽ 29 വരെ കാസർകോട് കല്യോട്ട് നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന് യുഎഇയിൽ വൻ ഒരുക്കം. വിവിധ എമിറേറ്റുകളിലെ വ്യത്യസ്ത ജാതി മതസ്ഥരായ 401 പേരെ ഉൾപ്പെടുത്തിയുള്ള യുഎഇ തല ആഘോഷക്കമ്മിറ്റി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ രൂപീകരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം ട്രഷറർ കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തകൻ ഇഖ്ബാൽ അബ്ദുൽ ഹമീദ് ഹദ്ദാദ് നഗർ മുഖ്യാതിഥിയായിരുന്നു. അഡ്വ.ബാബുരാജ്, പി.വി.സുരേഷ്, പത്മകുമാർ മൂരിയാനം, ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് മുഹമ്മദ് ജാബിർ, മുരളീധരൻ നായർ ബറാകാത്ത്, ഗോപി അരമങ്ങാനം, ചന്ദ്രൻ ഇരിയ, ആർ.കെ.പെരിയ, വിവിധ ക്ഷേത്ര കഴകം ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു. പ്രസിഡൻ്റ് രമേശൻ അധ്യക്ഷത വഹിച്ചു. യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി പീതാംബരൻ സ്വാഗതവും വേണുഗോപാൽ നന്ദിയും പറഞ്ഞു.
