ന്യൂഡല്‍ഹി : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷമുള്ള ആദ്യ റഷ്യന്‍ സന്ദര്‍ശനത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി . നേരിട്ട് കശ്മീര്‍ വിഷയം പ്രതിപാദിച്ചില്ലെങ്കിലും വ്യക്തമാകും വിധത്തില്‍ തന്നെയായിരുന്നു മോദിയുടെ പ്രസംഗം .
‘അഫ്ഗാനിസ്താനില്‍ ശക്തവും സുസ്ഥിരവും ജനാധിപത്യ രീതിയിലുള്ളതുമായ സര്‍ക്കാര്‍ വരണമെന്നാണ് ഇന്ത്യയും റഷ്യയും ആഗ്രഹിക്കുന്നത്. അഫ്ഗാനിസ്താന്‍ ഉള്‍പ്പടെ ഒരു രാജ്യത്തിന്റെയും ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടരുത് എന്നുതന്നെയാണ് ഇന്ത്യയും റഷ്യയും വിശ്വസിക്കുന്നത് – വാര്‍ത്താ സമ്മേളനത്തിനിടെ മോദി പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണ തേടാന്‍ പാകിസ്ഥാന്‍ ശ്രമിച്ചിരുന്നു .എന്നാല്‍ അമേരിക്കയും ബ്രിട്ടനും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചു .
കശ്മീര്‍ വിഷയം പൂര്‍ണ്ണമായും ഇന്ത്യയുടെ ആഭ്യന്തരമായ കാര്യമാണെന്നും അതിനാല്‍ ഇടപെടില്ലെന്നും റഷ്യ വ്യക്തമാക്കി . യുഎന്‍ രക്ഷാസമിതിയിലും റഷ്യ സമാനമായ നിലപാട് സ്വീകരിച്ചിരുന്നത്.
ജമ്മുകശ്മീര്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. ഇത് പൂര്‍ണ്ണമായും ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ്. ഷിംല കരാറിന്റേയയും ലാഹോര്‍ പ്രഖ്യാപനത്തിന്റേയും അടിസ്ഥാനത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ടതാണെന്നും റഷ്യ വ്യക്തമാക്കി .
