ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് 17 ന് ഭൂട്ടാനിലെത്തും. തന്ത്രപ്രധാനമായ രണ്ട് ഉടമ്പടികളിലൂടെ ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുക, വൈവിധ്യവല്‍ക്കരിക്കുക എന്നിവയാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു . 2014 ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നരേന്ദ്രമോദി സന്ദര്‍ശിച്ച ആദ്യ രാജ്യമാണ് ഭൂട്ടാന്.
സന്ദര്‍ശനവേളയില്‍ മോദി ഭൂട്ടാന് പ്രധാനമന്ത്രി ലോട്ടേ ഷെറിംഗുമായി കൂടിക്കാഴ്ച നടത്തും. അതോടൊപ്പം ഭൂട്ടാന് രാജാവ് ജിഗ്മെ ഖേസര്‍ നംഗ്യേലി വാങ്ചുക്കിനൊപ്പെം മോദി ജനങ്ങളെ കാണുമെന്നും സൂചനയുണ്ട്. മധ്യ ഭൂട്ടാനിലെ ട്രോങ്സെ സോങ്ഖാഗ് ജില്ലയിലെ മങ്ഡെചു നദിയില്‍ നിര്‍മ്മിച്ച മംഗ്ഡെചു ജലവൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.
അതോടൊപ്പം ഭൂട്ടാന് റോയല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്ന മോദി ഇന്ത്യ റുപെ കാര്‍ഡുകളും പുറത്തിറക്കും. ഭൂട്ടാന്റെ പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിക്കായി ഇന്ത്യ 5,000 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. തുകയുടെ ആദ്യ വിഹിതം നല്കി.
