ഉത്തര്‍പ്രദേശ്: സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ഇനി വിഷമുള്ള പച്ചക്കറിയും പഴങ്ങളും കഴിക്കേണ്ട. സാധനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ, കടകളില്‍ നിന്നോ ഇറക്കുമതി ചെയ്യേണ്ടതില്ല. അവര്‍ക്ക് കഴിക്കാന്‍ അവര്‍ തന്നെ പഴങ്ങളും പച്ചക്കറികളും ഉല്‍പ്പാദിപ്പിക്കണം. മാനവശേഷി വികസന വകുപ്പിന്റെതാണ് പുതിയ ഉത്തരവ്.
ഉച്ചഭക്ഷണത്തിനുള്ള പഴങ്ങളും പച്ചക്കറികളും ഇനി കുട്ടികള്‍ സ്‌കൂള്‍ തോട്ടത്തില്‍ തന്നെ ഉല്‍പാദിപ്പിക്കണം എന്ന നിര്‍ദ്ദേശമാണ് ഹുമന്‍ റിസോഴ്സ് മന്ത്രാലയം അറിയിച്ചത്. 8 ക്ലാസ് മുതലുള്ള കുട്ടികളെയാണ് ഇതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള പച്ചക്കറികളും പഴങ്ങളും വളര്‍ത്താമെന്നും അത് സ്‌കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം അറിയിച്ചു.
സ്വന്തമായി ഉണ്ടാക്കുന്ന പച്ചക്കറികളും മറ്റും സ്വാദോടെ കഴിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കട്ടെയെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഉച്ചഭക്ഷണത്തില്‍ വിഷമയം കുറയ്ക്കുക, കുട്ടികളുടെ പോഷണം കൂട്ടുക, കുട്ടികളില്‍ പച്ചക്കറി വളര്‍ത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം ഉണ്ടാക്കുക തുടങ്ങിയവ ലക്ഷ്യമാക്കിയാണ് ഇത്തരം നിര്‍ദ്ദേശം മുന്നോട്ട് വച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
