ഹൈദരാബാദ്: മുത്വലാഖ് ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനു പിന്നാലെ വീണ്ടും മുത്വലാഖ് ചൊല്ലിയതായി പരാതി. ഒഡീഷ സ്വദേശിനിയാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഫോണിലൂടെ മുത്വലാഖ് ചൊല്ലിയെന്ന പരാതിയില്‍ ഭര്‍ത്താവ് അബുസുഫിയാന്‍ ഖാനെതിരെ ഒഡീഷ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേന്ദ്രപ്പാറ ജില്ലയിലെ പട്ടമുണ്ടൈയിലാണ് സംഭവം.
7 വര്‍ഷത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരായി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് അബുസുഫിയാന്‍ ഭാര്യയെ മുത്വലാഖ് ചൊല്ലിയത്. വിവാഹ ശേഷം അബുസുഫിയാന്‍ തന്നെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. അവിടെ 6 മാസം താമസിച്ച ശേഷം ഗര്‍ഭിണിയായതോടെ പട്ടമുണ്ടൈയിലെ ഭര്‍തൃഗൃഹത്തിലാണ് താന്‍ താമസിച്ചത്. എന്നാല്‍ അവിടെ ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നും സ്ത്രീധനത്തിന്റെ പേരില്‍ തനിക്ക് മാനസികമായും ശാരീരികമായും പീഡനമേറ്റതായി യുവതി പരാതിയില്‍ പറയുന്നു.
ഇതോടെ യുവതി തന്റെ പിതാവിന്റെ വീട്ടിലേക്ക് പോയി. എന്നാല്‍ പ്രസവത്തിനു ശേഷം തന്നെ ഹൈദരാബാദിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞപ്പോള്‍ ഭര്‍ത്താവ് വിസമ്മതിക്കുകയും മുത്വലാഖ് ചൊല്ലുകയുമായിരുന്നെന്ന് യുവതി പറഞ്ഞു.
