ഭൂട്ടാനിലെ വിദ്യാര്‍ത്ഥികളുമായി സംവാദം നടത്താനും ഈ സന്ദര്‍ശനത്തില്‍ മോദിക്ക് പരിപാടിയുണ്ട്. റോയല്‍ യൂണിവേഴ്സിറ്റി ഓഫ് ഭൂട്ടാനിലെ വിദ്യാര്‍ത്ഥികളുമായാണ് മോദി കൂടിക്കാഴ്ച നടത്തുക.
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഊര്‍ജ്ജ മേഖലയിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനും മേഖലയിലെ പരസ്പര സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ദ്വിദിന സന്ദര്‍ശനം പുരോഗമിക്കുന്നു. രണ്ടാംതവണയാണ് മോദി ഭൂട്ടാന്‍ സന്ദര്‍ശിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നു ആദ്യ സന്ദര്‍ശനം. ബഹിരാകാശം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുകയും ഈ സന്ദര്‍ശനത്തിന്റെ അജണ്ടകളില്‍ പെടുന്നു.
ഇന്ന് (ശനിയാഴ്ച) രാവിലെ പാരോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങിയ മോദിയെ ഡോ. ലോട്ടായ് ത്ഷേറിങ് സ്വീകരിച്ചു. എയര്‍പോര്‍ട്ടില്‍ മോദി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ഭൂട്ടാന്‍ പ്രധാനമന്ത്രിയുടെ സ്വീകരണം തന്നെ സ്പര്‍ശിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ നിന്നും ആനയിക്കാന്‍ ഇരുവശങ്ങളിലും ഭൂട്ടാനിലെ ജനങ്ങള്‍ ഇന്ത്യയുടെയും ഭൂട്ടാന്റെയും പതാകകള്‍ വീശി കാത്തു നില്‍പ്പുണ്ടായിരുന്നു.
ഭൂട്ടാന്‍ പ്രധാനമന്ത്രിയുമായി മോദി പിന്നീട് ചര്‍ച്ച നടത്തിയതായി ആള്‍ ഇന്ത്യ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധമാണ് പ്രധാനമായും ചര്‍ച്ചാവിഷയമായത്. വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയില്‍ ഉയര്‍ത്തപ്പെട്ടു.
ഭൂട്ടാനുമായി ബന്ധം ഉറപ്പിക്കാന്‍ ചൈന ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അയല്‍രാജ്യത്തേക്കുള്ള മോദിയുടെ പോക്ക്. രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയുടെ നട്ടെല്ലായ ഹൈഡ്രോ പവര്‍ മേഖലയിലും ഇടപെടല്‍ നടത്താന്‍ ചൈനയ്ക്ക് താല്‍പര്യമുണ്ട്. മേഖലയില്‍ ചൈനയും പാകിസ്താനും ചേര്‍ന്ന് നടത്തുന്ന നീക്കങ്ങള്‍ക്കിടയിലാണ് ഇന്ത്യ സൗഹൃദം വിശാലമാക്കാന്‍ ശ്രമിക്കുന്നത്.
വികസനത്തിന്റെ തലത്തില്‍ രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഖ്യം വര്‍ധിപ്പിക്കാന്‍ ഇന്ത്യ ഏറെ ശ്രദ്ധാലുവാണെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറയുന്നു. ഇതിന്റെ ഭാഗമായി ഭൂട്ടാന്റെ കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താന്‍ 400 കോടിയുടെ പിന്തുണ ഇന്ത്യ നല്‍കുമെന്ന് ഗോഖലെ പറഞ്ഞു. ഇന്ത്യയിലേക്കുള്ള കയറ്റുമതി കൂട്ടുന്നതിന്റെ ഇന്‍സെന്റീവ് എന്ന നിലയിലാണ് കമ്ബനികള്‍ക്കും നിര്‍മാതാക്കള്‍ക്കുമായി ഈ തുക ചെലവിടുക. 2018ല്‍ തുടങ്ങിയ ഭൂട്ടാന്റെ പഞ്ചവത്സര പദ്ധതിയിലേക്ക് ഇന്ത്യയുടെ സംഭാവനയായി 5000 കോടി രൂപ പോകുന്നുണ്ട്. ഇത്തവണ 5012 കോടി രൂപയുടെ വൈദ്യുതി വാങ്ങുന്നതിനുള്ള കരാറും ഇന്ത്യന്‍ പ്രധാനമന്ത്രി ഒപ്പു വെക്കുമെന്നാണ് അറിയുന്നത്. ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നാഗീലും വാങ്ചൂക്കുമായും മോദി കൂടിക്കാഴ്ച നടത്തും.
