ന്യൂഡല്‍ഹി: മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും അന്താരാഷ്ട്ര ഭീകരനുമായ മസൂദ് അസറിനെ രഹസ്യമായി ജയില്‍ മോചിതനാക്കിയതിന് പിന്നാലെ രാജസ്ഥാനിലെ ഇന്ത്യാ പാക് അതിര്‍ത്തിയിലേക്ക് വമ്ബന്‍ ആക്രമണം ലക്ഷ്യമിട്ട് കൂടുതല്‍ പാക് സൈനികര്‍ എത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനായാണ് മസൂദ് അസറിനെ ജയില്‍ മോചിതനാക്കിയതെന്നാണ് വിവരം. പാക് സൈനികരില്‍ നിന്ന് ആക്രമണമുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതിന് പിന്നാലെ രാജ്യത്ത് അതീവജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കാശ്‌മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തില്‍ പ്രതികാരമെന്നോണം രാജസ്ഥാനിലെ സിയാല്‍കോട്ട് – ജമ്മുവില്‍ ആക്രമണം നടത്താനാണ് പാകിസ്ഥാന്റെ നീക്കമെന്നാണ് രഹസ്യവിവരം. ഇതിന്റെ ഭാഗമായി പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിക്കാനുള്ള നടപടി പാകിസ്ഥാന്‍ ആരംഭിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും അപ്രതീക്ഷിത നീക്കമുണ്ടായാല്‍ അത്ഭുതപ്പെടാനില്ലെന്നും കൃത്യമായ പ്ലാനിംഗോടെ അതിനെ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്നും സൈനിക വിഭാഗങ്ങള്‍ക്കും അതിര്‍ത്തി സുരക്ഷാ സേനയ്‌ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രകോപനപരമായ നീക്കമുണ്ടായാല്‍ ശക്തമായ രീതിയില്‍ തിരിച്ചടിക്കാനും സേനാ വിഭാഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാശ്‌മീരിന്റെ പ്രത്യേത പദവി റദ്ദാക്കിയ ഇന്ത്യന്‍ തീരുമാനത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രകോപനപരമായ നീക്കങ്ങളുണ്ടായാല്‍ അന്താരാഷ്ട്ര സമൂഹമാണ് ഉത്തരവാദിയെന്നും കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ഏതറ്റം വരെയും പോകുമെന്നും ഇന്ത്യയുമായി ഉടന്‍ തന്നെ ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്നും പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ പറഞ്ഞതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ പ്രകോപനം. കാശ്‌മീരിലെ സഹോദരങ്ങള്‍ക്ക് വേണ്ടി അവസാന വെടിയുണ്ടയും, അവസാന സൈനികനും, അവസാന ശ്വാസവും ശേഷിക്കുന്നത് വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടയിലാണ് പാക് ഭീകരന്‍ മസൂദ് അസറിനെ പാകിസ്ഥാന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയെന്ന വാര്‍ത്ത രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിക്കുന്നത്. മറ്റ് തീവ്രവാദ സംഘങ്ങളുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നത് ഏകോപിപ്പിക്കാനാണ് അസറിനെ മോചിപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ ആരോപണ വിധേയനായതിന് പിന്നാലെ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്ഥാന്‍ അസറിനെ കസ്‌റ്റഡിയിലെടുത്തത്. പിന്നാലെ അസറിനെ ആരോഗ്യ പരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സൈനിക ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു.
