ന്യൂഡല്‍ഹി: പുതിയ പ്രഭാതവും മെച്ചപ്പെട്ട നാളെയും രാജ്യത്തെ കാത്തിരിക്കുന്നുവെന്നും സ്ഥാപിത താല്‍പര്യക്കാരുടെ ബന്ധനത്തില്‍ നിന്നും ജമ്മു കശ്മീര്‍ മോചിതമായെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി. ഒന്നിച്ച് ഒരുമയോടെ 130 കോടി ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിന്റെ ചരിത്രത്തിലെ നാഴികകല്ലായ ബില്ല് വന്‍പിന്തുണയോടെ പാസാക്കിയ സുപ്രധാന നിമിഷമാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ജമ്മു കശ്മീരിലെയും ലഡാക്കിലെയും എന്റെ സഹോദരി സഹോദരന്മാരേ നിങ്ങളുടെ ധൈര്യത്തിനും ഉന്മേഷത്തിനും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. സ്ഥാപിത താല്‍പര്യക്കാര്‍ മാനസികമായി ഭീഷണിപ്പെടുത്തുന്നതില്‍ മാത്രമെ താല്‍പര്യം കാണിച്ചിരുന്നുള്ളു. അവര്‍ക്ക് ജനക്ഷേമം ലക്ഷ്യമായിരുന്നില്ല. ഒരു പുതിയ പ്രഭാതവും മെച്ചപ്പെട്ട നാളെയും കാത്തിരിക്കുന്നുവെന്നും മോദി ട്വിറ്ററില്‍ എഴുതി.
ജമ്മു കശ്മീരിനെയും ലഡാക്കിനെയും സംബന്ധിച്ച ബില്ലുകള്‍ വന്‍പിന്തുണയോടെ പാസാക്കാനായി , ഈ നേട്ടം ഇന്ത്യയുടെ ഐക്യത്തിനായി പ്രവര്‍ത്തിച്ച സര്‍ദാര്‍ പട്ടേലിനും ഡോ. അംബേദ്കറിനും ഡോ. ശ്യാമപ്രസാദ് മുഖര്‍ജിക്കുമുള്ള ആദരവാണ്. ഈ ബില്ല് അംഗീകരിക്കുന്നതിനായി ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ എംപിമാരെയും രാഷ്ട്രീയ പാര്‍ട്ടികളയും നേതാക്കളെയും അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചര്‍ത്തു.
