ശ്രീനഗര്‍: ജമ്മു കശ്മീരിലെ സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി ഭീകരസംഘടനകള്‍. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകുന്ന ജനങ്ങളെ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരവാദ സംഘടനകള്‍.
കടകള്‍ തുറക്കരുതെന്നും വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും സ്കൂളുകളും ഓഫീസുകളും തുറക്കരുതെന്നും ഭീഷണിപ്പെടുത്തുന്ന കത്തുകളാണ് കശ്മീരികള്‍ക്കിടയില്‍ പ്രചരിക്കുന്നത്.പെണ്‍കുട്ടികള്‍ വീടു വിട്ട് പുറത്തിരങ്ങരുതെന്നും കുട്ടികളെ സ്കൂളുകളില്‍ അയക്കരുതെന്നും ചില കത്തുകളില്‍ പറയുന്നു. വാഹനങ്ങളുടെ നമ്ബറുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അവ നിരത്തിലിറക്കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഭീഷണിയുണ്ട്.
ഭീകരസംഘടനകളായ ലഷ്കര്‍ ഇ ത്വയിബയും ഹിസ്ബുള്‍ മുജഹിദ്ദീനും സംയുക്തമായി തയ്യാറാക്കിയിരിക്കുന്ന കത്തില്‍ പ്രകോപനപരമായ നിരവധി ആഹ്വാനങ്ങളാണ് അടങ്ങിയിരിക്കുന്നത്. ‘നമ്മള്‍ ഇന്ത്യയില്‍ നിന്നും ആസാദി (സ്വാതന്ത്ര്യം) നേടിയെടുക്കം. നിങ്ങള്‍ സര്‍ക്കാരിനെ ബഹിഷ്കരിക്കുക.’ എന്ന സന്ദേശം ഉള്‍പ്പെടുന്ന കത്തും പ്രചരിക്കുന്നുണ്ട്.
കട തുറന്നതിന് കഴിഞ്ഞ ദിവസം 65 വയസ്സുകാരനെ ഭീകരവാദികള്‍ കൊലപ്പെടുത്തിയിരുന്നു. സൈന്യത്തിന് നേരെ ആക്രമണം സാധിക്കാതെ വരുന്നതിനാലാണ് ഭീകരവാദികള്‍ നിസ്സഹായരായ ജനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ പുരോഗമിക്കുന്നതായും പൊലീസ് പറയുന്നു.
എന്നാല്‍ കശ്മീരിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ഭീകരരുടെ പദ്ധതികള്‍ വിലപ്പോകില്ലെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുരക്ഷാ സേന അതീവ ജാഗ്രത പുലര്‍ത്തുകയാണെന്നും ഭീകരവാദികളുടെ ഏത് നീക്കവും പരാജയപ്പെടുത്താന്‍ ജനങ്ങള്‍ സൈന്യവുമായി സഹകരിക്കണമെന്നും സൈനിക വക്താക്കള്‍ അഭ്യര്‍ത്ഥിച്ചു.
