കല്ലേക്കാട് എ.ആര് ക്യാമ്ബിലെ പൊലീസുകാരന് കുമാറിന്റെ മരണത്തിന് ഉത്തരവാദികളായ മേലുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഭാര്യ സജിനി ആവശ്യപ്പെട്ടു. പ്രതികള്‍ പൊലീസുകാരായതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ജുഡിഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും സജിനി പറഞ്ഞു.
ലക്കിടി റെയില്‍വേ പാളത്തിന് സമീപത്തുനിന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലെ കൈപ്പട കുമാറിന്റേത് തന്നെയെന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞു.സംഭവത്തില്‍ കുടുംബം ആരോപിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് മൂന്നുപേജുള്ള ആത്മഹത്യാ കുറിപ്പിലുമെന്നാണ് സൂചന.
മാസങ്ങളായി കുമാര്‍ അനുഭവിച്ച ജാതീയ വിവേചനവും മാനസിക- ശാരീരിക പീഡനവുമാണ് കത്തിന്റെ ഉള്ളടക്കം. മേലുദ്യോഗസ്ഥരില്‍ ചിലരുടെ പേരും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പീഡന വിവരം നേരത്തേ അറിഞ്ഞിട്ടും പരാതി നല്‍കാതിരുന്നത് വീണ്ടും പ്രശ്നം ഉണ്ടാവാതിരിക്കാനാണെന്ന് സജിനി പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് കിട്ടിയ സാഹചര്യത്തില്‍ ഇതുകൂടി പരിഗണിച്ചാവും അന്വേഷണമെന്ന് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി സുരേന്ദ്രന് അറിയിച്ചു. സംഭവത്തില്‍ 10 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്.സി – എസ്.ടി കമ്മിഷന് ജില്ലാ കളക്ടറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു. വരുംദിവസങ്ങളില്‍ കമ്മിഷന് കല്ലേക്കാട് ക്യാമ്ബ് സന്ദര്‍ശിക്കും.
ഈ മാസം 25ന് രാത്രിയാണ് സിവില്‍ പൊലീസ് ഓഫീസറായ കുമാറിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അസ്വാഭാവിക മരണത്തെക്കുറിച്ച് ഒറ്റപ്പാലം സി.ഐയുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്.
