ന്യൂഡല്‍ഹി: ഭരണഘടനയില്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ചെറിയ ഇളവുവരുത്തി. കശ്മീരിന്റെ ചില ഭാഗങ്ങളിലാണ് നിയന്ത്രണങ്ങളില്‍ അയവവരുത്തിയത്. ഇതിന്റെ ഭാഗമായി കശ്മീരിലെ അരലക്ഷം ലാന്റ്‌ഫോണുകള്‍ പുന:സ്ഥാപിക്കുകയും ജമ്മുവിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്തു.
നൂറിലേറെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുള്ള കശ്മീരിലെ 70 ഉം പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. സെട്രല്‍ കശ്മീരിലെ ബുദ്ഗാം, സോനാമാര്‍ഗ്, മനിഗാം മേഖലകളിലെ ലാന്റ്‌ഫോണുകളാണ് പുന:സ്ഥാപിച്ചത്. നോര്‍ത്ത് കശ്മീരില്‍ ഗുരെസ്, തങ്ക്മാര്‍ഗ്, ഉറി കെരണ്‍ കര്‍ണ, ടെങ്കദാര്‍ മേഖലകളിലും പുന:സ്ഥാപിച്ചിട്ടുണ്ട്. വൈകാതെ 20 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ കൂടി പ്രവര്‍ത്തനം പുന:സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ജമ്മു മേഖലയിലെ അഞ്ചു ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് പുന:സ്ഥാപിച്ചിട്ടുണ്ട്. ജമ്മു, റേസി, സാംബ, കത്വ, ഉധംപൂര്‍ ജില്ലകളിലാണ് 2ജി മൊബൈല്‍ ഇന്റര്‍നെറ്റ് പുന:സ്ഥാപിച്ചത്.
സാഹചര്യം വിലയിരുത്തിയ ശേഷം ഹൈസ്പീഡ് ഇന്റര്‍നെറ്റ് പുന:സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, കശ്മീരിലെ തെരുവുകള്‍ അടഞ്ഞുതന്നെ കിടക്കുകയാണ്. ശ്രീനഗറില്‍ സിവില്‍ ലൈനിലെ ചില കടകള്‍ ഇന്നു രാവിലെ തുറന്നുവെന്ന് അധികൃതര്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, എണ്ണ പമ്ബുകള്‍ അടക്കം എല്ലാം അടഞ്ഞുകിടക്കുന്ന സ്ഥിതിയാണുള്ളത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. മേഖലകളെ അടിസ്ഥാനമാക്കി അടുത്തയാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറന്നുതുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.
അതേസമയം, മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കം ജമ്മു കശ്മീരിലെ 400 ല്‍ അധികം രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും തടവിലാണ്. മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല എന്നിവരും അറസ്റ്റിലായവരില്‍പ്പെടും.
