ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പാക് ഭീകരസംഘടനയായ ലഷ്കറെ ഇ ത്വയിബ ഭീകരാക്രമണം പദ്ധതിയിടുന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹാഫിസ് സയിദിന്റെ നേതൃത്വത്തിലുള്ള ഭീകരസംഘടനകള്‍ വാരാണസിയില്‍ ബേസ് ക്യാമ്ബ്് രൂപികരിച്ചുള്ള ആക്രമണമാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ നഗരമായ വാരാണസിയില്‍ ലഷ്കറെ ഇ ത്വയിബയുടെ ഒരു ഘടകത്തെ സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ലഷ്കറെ ഇ ത്വയിബയുമായി ബന്ധമുള്ള ഭീകരര്‍ മാസങ്ങള്‍ക്ക് മുമ്ബ് വാരാണസിയില്‍ സന്ദര്‍ശനം നടത്തിയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
മേഖലയില്‍ ലഷ്കര്‍ നെറ്റ്വര്ക്കുകള് രൂപീകരിക്കാന്‍ ഉമര്‍ മദ്നി എന്ന ഭീകരനും നേപ്പാളില്‍ നിന്നുള്ള മറ്റൊരാളും മൂന്ന് ദിവസം വാരാണസിയില്‍ ക്യാമ്ബ് ചെയ്തെന്നും റിപ്പോര്‍ട്ടുണ്ട്. ലഷ്കറിലേക്ക് ഇന്ത്യയില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നവരില്‍ പ്രധാനിയാണ് ഉമര്‍ മദ്നി. ഇയാള്‍ ഭീകരാക്രമണം പദ്ധതിയിടുന്നതിനായി നിരവധി ആളുകളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ വന്‍ സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
