ശ്രീനഗർ : കശ്മീർ വിഷയത്തിൽ പുതിയ മാർഗ്ഗങ്ങൾ തേടി പാകിസ്ഥാൻ . യു എൻ രക്ഷാസമിതിയിൽ ഒറ്റപ്പെട്ടതിനു പിന്നാലെ അന്താരാഷ്ട്ര കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ .
വിദേശകാര്യമന്ത്രി എസ് എം ഖുറേഷിയും ,സൈനിക വക്താവ് മേജർ ജനറൽ അസീഫ് ഗഫൂറുമായി ചർച്ച നടത്തിയ ശേഷമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഇമ്രാൻ ഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞത് . പാക് എംബസികളിൽ കശ്മീർ ഡെസ്ക്കുകൾ രൂപീകരിക്കാനും തീരുമാനിച്ചതായി സൂചനയുണ്ട് .
യു എന്നിൽ കശ്മീർ വിഷയം ഉന്നയിക്കാൻ കഴിഞ്ഞെങ്കിലും ലോകം തങ്ങളെ ഒറ്റപ്പെടുത്തിയതായി ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . അതുകൊണ്ടാണ് രാജ്യാന്തര കോടതിയെ സമീപിക്കാനൊരുങ്ങുന്നത് .
അതേസമയം യുദ്ധമുണ്ടായാൽ ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന നയം മാറുമെന്ന രാജ്നാഥ് സിംഗിന്റെ പ്രസ്താവന നിരാശാജനകമാണെന്നായിരുന്നു അസീഫ് ഗഫൂറിന്റെ പരമാർശം .
കശ്മീർ ബിൽ ഇന്ത്യ പാസാക്കിയ ഉടൻ തന്നെ പാകിസ്ഥാൻ ഇതുമായി ബന്ധപ്പെട്ട് യു എന്നിൽ അപേക്ഷ നൽകിയിരുന്നു . എന്നാൽ അത് യു എൻ നിരാകരിച്ചു . പിന്നീടാണ് ചൈനയുടെ സഹായത്തോടെ വിഷയം അടച്ചിട്ട മുറിയിൽ അടിയന്തിര ചർച്ചയ്ക്കെടുപ്പിക്കാൻ പാകിസ്ഥാൻ ശ്രമിച്ചത് .
ഇക്കാര്യത്തിൽ പാകിസ്ഥാൻ വിജയിച്ചെങ്കിലും , രക്ഷാസമിതിയിൽ അംഗങ്ങളൊന്നും ഒപ്പം നിന്നില്ല . മാത്രമല്ല യു എൻ പാക് പ്രതിനിധിയെ യോഗത്തിൽ പങ്കെടുപ്പിച്ചതുമില്ല . അതിനു പുറമേയാണ് പാകിസ്ഥാനു വർഷങ്ങളായി നൽകി വന്നിരുന്ന ധനസഹായം അമേരിക്ക വെട്ടിക്കുറച്ചത് .
