ന്യൂഡല്‍ഹി: കാഷ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര ഇടപെടലിനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെ, വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഭാവിയില്‍ പാക്കിസ്ഥാനുമായി ഇന്ത്യ എന്തെങ്കിലും തരത്തില്‍ ചര്‍ച്ച നടത്തുകയാണെങ്കില്‍ അതു പാക് അധി നിവേശ കാഷ്മീരിനെക്കുറിച്ചു മാത്രമായിരിക്കുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
ഉഭയകക്ഷി ചര്‍ച്ച സാധ്യമാകണമെങ്കില്‍ പാക്കിസ്ഥാന് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും രാജ്നാഥ് സിംഗ് ഹരിയാനയിലെ പഞ്ച്കുളയില്‍ വ്യക്തമാക്കി.ജമ്മു കാഷ്മീരിന്റെ വികസനത്തിനു വേണ്ടിയാണു പ്രത്യേക പദവി എടുത്തു കളഞ്ഞത്. ഇന്ത്യ തെറ്റുചെയ്തെന്നു പറഞ്ഞ് നമ്മുടെ അയല്‍ക്കാര്‍ അന്താരാഷ്ട്ര വാതിലുകളില്‍ ചെന്നു മുട്ടുകയാണ്. ജമ്മു കാഷ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച നടത്തുകയാണ് അവരുടെ ലക്ഷ്യം. പാക്കിസ്ഥാനില്‍ നിന്നുള്ള ജനങ്ങള്‍ പറയുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ച നടത്തണമെന്നാണ്.
ജമ്മു കാഷ്മീര്‍ വിഷയത്തില്‍ ഒരു ചര്‍ച്ചയ്ക്കും ഇന്ത്യ തയാറല്ല. എന്നാല്‍, എന്തെങ്കിലും ചര്‍ച്ച ഭാവിയില്‍ നടന്നാല്‍ അതു പാക് അധിനിവേശ കാഷ്മീര്‍ വിഷയത്തില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനുമായി എന്തെങ്കിലും ചര്‍ച്ച നടത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നെങ്കില്‍ അവരുടെ മണ്ണില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയാണു വേണ്ടത്. അതില്ലാതെ ഒരു ചര്‍ച്ചയ്ക്കും ഇന്ത്യ തയാറല്ല.
