ദില്ലി: ദശാബ്ദങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് സാക്ഷിയായ പാര്‍ലമെന്റ് മന്ദിരം ഇനി ചരിത്രത്തിന്റെ ഭാഗമാകാന്‍ ഏറിയാല്‍ രണ്ട് വര്‍ഷം മാത്രം ബാക്കി. രാജ്യം 75ാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന 2022ഓടെ പുതിയ പാര്‍ലമെന്റ് മന്ദിരം യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. എം.പിമാര്‍ക്കായി പുതുതായി നിര്‍മ്മിച്ച ഡ്യൂപ്ലെക്‌സ് അപ്പാര്‍ട്ട്‌മെന്റുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെന്‍ട്രല്‍ ദില്ലിയിലെ നോര്‍ത്ത് അവന്യൂവില്‍ എംപിമാരുടെ താമസത്തിനായി നിര്‍മ്മിച്ച 36 ഡ്യുപ്ലെക്‌സ് ഫ്‌ളാറ്റുകള്‍ മോദി ഉദ്ഘാടനം ചെയ്തു. 1951-52നും ഇടയില്‍ നിര്‍മ്മിച്ച അപ്പാര്‍ട്ടുമെന്റുകള്‍ പൊളിച്ച് നിര്‍മ്മിച്ചതാണ് പുതിയ ഫ്‌ളാറ്റുകള്‍. പണി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷമെടുക്കുമെന്ന് കണക്കാക്കിയ ഫ്‌ളാറ്റുകള്‍ ഉദ്ദേശിച്ചതിലും നേരത്തെ നിര്‍മാണം പൂര്‍ത്തിയാക്കി. പാര്‍ലമെന്റ് ഹൗസ് കെട്ടിടത്തിന് അതിന്റെ ആഡംബരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ആധുനിക സൗകര്യങ്ങളുള്ള ഫെയ്സ് ലിഫ്റ്റ് വേണമെന്നും അല്ലെങ്കില്‍ ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന സമയമാകുമ്ബോഴേക്കും ഒരു പുതിയ കെട്ടിടം നിര്‍മ്മിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ സ്പീക്കറായിരുന്ന സുമിത്ര മഹാജനാണ് പുതിയ ഡ്യുപ്ലെക്‌സ് ഫ്‌ളാറ്റുകളുടെ ശിലാസ്ഥാപനം നടത്തിയത്. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിനായുള്ള ആവശ്യം നാല് വര്‍ഷം മുമ്ബ് മഹാജന്‍ സൂചിപ്പിച്ചിരുന്നു. പുതിയ പാര്‍ലമെന്റ് കെട്ടിടം പണിയുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് 2015 ഡിസംബറില്‍ മഹാജന്‍ അന്നത്തെ കേന്ദ്ര നഗരവികസന മന്ത്രി എം വെങ്കയ്യ നായിഡുവിന് കത്തെഴുതി. നിലവിലുള്ള കെട്ടിടം ദയനീയ അവസ്ഥയിലാണെന്നും വരും വര്‍ഷങ്ങളില്‍ സ്ഥലത്തിനായുള്ള വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ കത്തില്‍ സൂചിപ്പിച്ചു. 1927 ല്‍ കമ്മീഷന്‍ ചെയ്തതു മുതല്‍ നിലവിലുള്ള പാര്‍ലമെന്റ് മന്ദിരത്തിനുള്ളിലെ സ്റ്റാഫ്, സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍, മാധ്യമ സന്ദര്‍ശകര്‍, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ എണ്ണം പലമടങ്ങ് വര്‍ദ്ധിച്ചുവെന്നും മഹാജന്‍ വാദിച്ചു. പാര്‍ലമെന്റ് സമുച്ചയത്തിനകത്തും രാജ്പാത്തിലുടനീളവുമായി രണ്ട് സൈറ്റുകളുള്ള പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു.
