ന്യൂദല്‍ഹി : ഐതിഹാസിക മത്സരങ്ങള്‍ക്ക് വേദിയായിട്ടുള്ള ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം ഇനി മുതല്‍ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്ന് അറിയപ്പെടും. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, ജെയ്റ്റ്‌ലിയുടെയും കുടുംബവും ചേര്‍ന്നാണ് സ്റ്റേഡിയത്തിന്റെ പേര് മാറ്റുന്നതായി പ്രഖ്യാപനം നടത്തിയത്.
അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോടുള്ള ആദരസൂചകമായാണ് ഫിറോസ് ഷാ കോട്‌ലയുടെ പേര് മാറ്റാന്‍ തീരുമാനിച്ചത്. നാല് വര്‍ഷം ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളുടെയും, മുന്‍ താരങ്ങളുടെയും സാന്നിധ്യത്തിലാണ് സ്റ്റേഡിയത്തിന്റെ പുനര്‍ നാമകരണം സംഘടിപ്പിച്ചത്.
സ്റ്റേഡിയത്തിന്റെ ഒരു പവലിയന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ പേരും നല്‍കിയിട്ടുണ്ട്. ചടങ്ങില്‍ ദല്‍ഹിക്കു വേണ്ടി കളിച്ചിട്ടുള്ള താരങ്ങളേയും അഭിനന്ദിച്ചു.
1883ല്‍ പണിത ഫിറോസ് ഷാ കോട്‌ല കൊക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്. ജെയ്റ്റ്‌ലി പ്രസിഡന്റ്, പദവിയില്‍ എത്തിയതിനു ശേഷമാണ് സ്റ്റേഡിയത്തെ ആധുനികവല്‍ക്കരിച്ചതും, ലോകോത്തര നിലവാരമുള്ള ഡ്രസ്സിങ് റൂമുകള്‍ നിര്‍മ്മിച്ചതും.
