ന്യൂഡല്‍ഹി: 2016ല്‍ പുറത്തിറങ്ങിയ ‘ദംഗല്‍’ സിനിമക്ക് പ്രചോദനമായ യഥാര്‍ത്ഥ താരങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ പ്രശസ്ത വനിതാ ഗുസ്തി താരം ബബിത ഫൊഗാടും പിതാവും പരിശീലകനുമായ മഹാവീര്‍ ഫൊഗാട്ടും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്.
21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ബബിത രാജ്യത്തിനു വേണ്ടി വെള്ളി മെഡല്‍ നേടിയത്. പിതാവ് മഹാവീര്‍ ഫോഗാട്ട് തന്നെയായിരുന്നു ബബിതയുടെ പരിശീലകന്‍. കായിക രംഗത്തെ മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാര്‍ഡ് ജേതാവാണ് മഹാവീര്‍ ഫോഗാട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് ബിജെപിയില്‍ ചേരുന്നെന്ന് ഇരുവരും അറിയിച്ചു. താന്‍ നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണെന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടുമെന്നും ബബിത പറഞ്ഞു. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന് തക്ക മറുപടി നല്‍കിയതും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്ന് മഹാവീര്‍ വ്യക്തമാക്കി.
