ബംഗളൂരു: ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഇരയാണ് താനെന്ന്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡികെ.ശിവകുമാര്‍.
മാത്രമല്ല തന്നെ അറസ്റ്റുചെയ്യുകയെന്ന ലക്ഷ്യത്തില്‍ വിജയിച്ച ബിജെപി സുഹൃത്തുക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഇന്നലെ രാത്രി രണ്ട് ട്വിറ്റര്‍ സന്ദേശങ്ങളിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ആദ്യത്തെ ട്വീറ്റില്‍ അദ്ദേഹം പാര്‍ട്ടി അനുയായികളെ സമാധാനിപ്പിക്കുകയാണ് ചെയ്തത്. പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും അഭ്യുദയകാംക്ഷികളും തന്‍റെ അറസ്റ്റില്‍ വേദനിക്കരുതെന്നും നിയമവിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നുമാണ് അദ്ദേഹം ആദ്യ ട്വീറ്റില്‍ പ്രതികരിച്ചത്.
ദൈവത്തിലും രാജ്യത്തെ നിയമ സംവിധാനത്തിലും വിശ്വാസമുണ്ടെന്നും പ്രതികാര രാഷ്ട്രീയത്തിനെതിരേ നിയമപരമായും രാഷ്ട്രീയപരമായും പോരാടി വിജയിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.
രണ്ടാമത്തെ ട്വീറ്റിലാണ് ബിജെപിയെ അദ്ദേഹം അഭിനന്ദിച്ചത്. എനിക്കെതിരേയുള്ള ആദായ നികുതി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകള്‍ എന്നിവ രാഷ്ട്രീയ പ്രേരിതമാണെന്നും ഞാന്‍ ബി.ജെ.പി.യുടെ പ്രതികാര രാഷ്ട്രീയത്തിന്റെയും കുടിപ്പകയുടേയും ഇരയാണെന്നും അദ്ദേഹം കുറിച്ചു.
നാലു ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ രാത്രിയാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് അദ്ദേഹത്ത അറസ്റ്റ് ചെയ്തത്.
അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഡി.കെ ശിവകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. കേസ് റദ്ദാക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചതിനെ തുടര്‍ന്ന്‍ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ ഡല്‍ഹിയിലേയ്ക്ക് വിളിച്ചുവരുത്തുകയും തുടര്‍ന്ന്‍ അറസ്റ്റുചെയ്യുകയും ചെയ്തു.
